ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോല്‍വി

ജോര്‍ദാനെതിരേയുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ എതിര്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ കഴിയാതെ ദയനീയമായിട്ടായിരുന്നു ഇന്ത്യയുടെ പരാജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും പിന്നീട് ഇന്ത്യക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അത്യാവശ്യം മെച്ചപ്പെട്ട പ്രതിരോധം പുറത്തെടുത്തതോടെ ആദ്യ പകുതിയില്‍ ഇന്ത്യ ഗോളൊന്നും വഴങ്ങിയില്ല. രണ്ടാം പകുതിയില്‍ ഗോള്‍ തേടിയിറങ്ങിയ ഇന്ത്യക്ക് കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല.
മധ്യനിരയില്‍ പരാജയമായി മാറിയ ഇന്ത്യക്ക് മുന്നേറ്റനിരക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ലെവലില്‍ മാറ്റമുണ്ടെന്നല്ലാതെ ടാക്റ്റിക്‌സിനും ടെക്‌നിക്കിലും കാര്യമായ പുരോഗതിയൊന്നും കാണാനായില്ല. എങ്കിലും ജോര്‍ദാനെതിരേ ശക്തമായി പൊരുതാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഒരു ഗോള്‍ വഴങ്ങിയതോടെ സമനില ഗോളിനായ ഇന്ത്യ ശ്രമം തുടങ്ങി. എന്നാല്‍ മുന്നേറ്റനിരയിലെ താരങ്ങളുടെ ആശയക്കുഴപ്പവും മിസ് പാസും കാരണം പല മുന്നേറ്റങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
ഒടുവില്‍ 92ാം മിനുട്ടില്‍ ജോര്‍ദാന്റെ രണ്ടാം ഗോളും പിറന്നു. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ജോര്‍ദാന്റെ രണ്ടാം ഗോള്‍ വന്നത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടപ്പോള്‍ ആശിക് കുരുണിയന്‍ ബെഞ്ചിലായിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.