ഛേത്രി മുന്നിലെത്തിച്ചിട്ടും വിജയം നേടാനാവാതെ ഇന്ത്യ, സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കുരുക്കി ബംഗ്ലാദേശ്


സാഫ് ചാമ്പ്യൻഷിപ്പിലെ ആദ്യത്തെ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ദേശീയ ടീമിനു വേണ്ടിയുള്ള എഴുപത്തിയാറാമത്തെ ഗോൾ പിറന്നിട്ടും സമനില വഴങ്ങി ഇന്ത്യ. മാലിദ്വീപിൽ വെച്ചു നടന്ന മത്സരത്തിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചതിനു ശേഷം പത്തു പേരായി ചുരുങ്ങിയ ബംഗ്ലാദേശാണ് ഇന്ത്യക്കെതിരെ സമനില നേടിയെടുത്തത്. അവസരങ്ങൾ മുതലാക്കാൻ പരാജയപ്പെട്ടതും പ്രതിരോധത്തിലെ പാളിച്ചകളുമാണ് ഇന്ത്യക്ക് ആദ്യ മത്സരത്തിൽ വിജയം നിഷേധിച്ചത്.
പന്തിൻമേലുള്ള ആധിപത്യവും മികച്ച മുന്നേറ്റവും ഉണ്ടായിരുന്നു എങ്കിലും മത്സരം ഇരുപതു മിനുട്ടു പിന്നിടുന്ന വരെയും ഇന്ത്യക്ക് ബംഗ്ലാദേശ് കീപ്പറെ പരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുപത്തിയാറാം മിനുട്ടിൽ നായകൻ ഛേത്രി തന്നെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു. പ്രീതം കോട്ടാലിൽ നിന്നും പന്തു സ്വീകരിച്ച ഉദാന്ത സിങ് ബോക്സിനുള്ളിൽ വെച്ചത് ഛേത്രിക്ക് നൽകിയപ്പോൾ ഒരു പിഴവും കൂടാതെ താരം അത് വലക്കുള്ളിൽ എത്തിക്കുകയായിരുന്നു.
Ind 1-1 Bangladesh.
— Ashish Magotra (@clutchplay) October 4, 2021
Fully deserved scoreline. For both teams. India were just not good enough.https://t.co/qzuXMFqQoV
ഗോൾ വഴങ്ങിയതോടെ ബംഗ്ലാദേശ് ആക്രമണം കനപ്പിക്കുന്നതാണു കണ്ടത്. ഹസൻ, ടോപു, റാകിബ് എന്നിവർക്കെല്ലാം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗുർപ്രീതിന്റെ സേവുകൾ ആദ്യപകുതിയിൽ ഒപ്പമെത്തുന്നതിൽ നിന്നും ബംഗ്ലാദേശിനെ തടഞ്ഞു. മറുവശത്ത് ഇന്ത്യയുടെ ആക്രമണങ്ങൾ ആദ്യഗോളിനു ശേഷം അത്ര ശക്തമല്ലായിരുന്നു.
ആദ്യ പകുതിയിൽ നിർത്തിയിടത്തു നിന്നും ആക്രമണങ്ങളുമായി രണ്ടാം പകുതി ആരംഭിച്ച ബംഗ്ലാദേശ് ഇന്ത്യക്ക് ഭീഷണിയായി മാറുന്ന സമയത്താണ് രാഹുൽ ബെക്കെയേ ലാസ്റ്റ് മാൻ ഫൗൾ ചെയ്തതിന് ബംഗ്ലാദേശ് റൈറ്റ് ബാക്കായ ബിശ്വജിത് ഘോഷ് ചുവപ്പുകാർഡ് നേടി പുറത്താവുന്നത്. ഇതോടെ ബംഗ്ലാദേശ് തളരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മത്സരം കാത്തു വെച്ചത് മറ്റൊന്നായിരുന്നു.
ഒരാൾ പുറത്തു പോയിട്ടും തങ്ങളുടെ പോരാട്ടവീര്യം കാണിച്ച ബംഗ്ലാദേശ് എഴുപത്തിനാലാം മിനുട്ടിൽ ഒപ്പമെത്തി. ഒരു കോർണറിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ യാസിൻ അറാഫത്താണ് ബംഗ്ലാദേശിന്റെ ഗോൾ കുറിച്ചത്. പിന്നീട് വിജയഗോളിനായി പൊരുതിയ രണ്ടു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും സമനിലപ്പൂട്ടു പൊളിക്കാൻ കഴിഞ്ഞില്ല.