മറഡോണയേയും റിക്വല്മിയേയും വളര്‍ത്തിയ അർജന്റീനൻ ഫുട്ബോള്‍ ക്ലബ് കോഴിക്കോട്ട് അക്കാദമി തുടങ്ങുന്നു

ഫുട്ബോള്‍ ഇതിഹാസമായ ഡീഗോ മറഡോണ, അര്‍ജന്റീനന്‍ സൂപ്പര്‍ താരമായിരുന്ന യുവാന്‍ റോമന്‍ റിക്വല്‍മി തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുത്ത അര്‍ജന്റീനന്‍ ഫുട്ബോള്‍ ക്ലബ് കേരളത്തിലേക്ക് കാലെടുത്തുവെക്കുന്നു. മലബാര്‍ സ്പോട്സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷനുമായി (എം.എസ്.ആര്.എഫ്) ചേര്‍ന്ന് കോഴിക്കോട്ട് ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാനാണ് അര്‍ജന്റീനോസ് ജൂനിയേഴ്സ് എന്ന ക്ലബ് നീക്കം നടത്തുന്നത്.
10-18 വയസിനിടയിലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. ലക്ഷ്യബോധമുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന അക്കാദമി ഈ വരുന്ന സെപ്റ്റംബറില്‍ തന്നെ തുടങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഗ്രാസ്റൂട്ട് ലെവലില്‍ കളിക്കാരെ പരിശീലിപ്പിക്കുക, 2031ല്‍ അണ്ടര്‍ 20 ലോകകപ്പിലും 2034ലെ ലോകകപ്പില്‍ കളിക്കുക, താരങ്ങളുടെ മനസിനെയും ശരീരത്തേയും ശാസ്ത്രീയ രീതിയില്‍ പരിശിലീപ്പിച്ചെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഗ്വാട്ടിമലയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും എം.എസ്.ആര്.എഫ് എം.ഡിയും സി.ഇ.ഒയുമായ സജീവ് ബാബു കുറുപ്പ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മെയ് 10ന് അര്‍ജന്റീനോസ് ജൂനിയേഴ്സും എം.എസ്.ആര്.എഫും തമ്മില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കും. പരിശീലനത്തിനായി അക്കാദമിയുടെ രണ്ട് പരിശീലകര്‍ കോഴിക്കോട്ടെ അക്കാദമിയിലുണ്ടാകുമെന്നുമാണ് വിവരം. ഏതാനും മാസം മുന്‍പ് ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്റെ അക്കാദമിയും കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.