Football in Malayalam

ഏഷ്യൻ കപ്പ് 2023 യോഗ്യത മത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയെന്നു തീരുമാനമായി

Sreejith N
FBL-WC-2022-ASIA-IND-BAN
FBL-WC-2022-ASIA-IND-BAN / DIBYANGSHU SARKAR/GettyImages
facebooktwitterreddit

2023ൽ ചൈനയിൽ വെച്ചു നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എതിരാളികൾ ആരൊക്കെയാണെന്നു തീരുമാനമായി. ഇന്നു ക്വാലാലംപൂരിൽ വെച്ചു നടന്ന നറുക്കെടുപ്പിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെയുള്ള ഹോംഗ് കോങ്ങ്, അഫ്‌ഗാനിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളെയാണ് ബ്ലൂ ടൈഗേഴ്‌സിന് എതിരാളികളായി ലഭിച്ചത്.

ഏഷ്യൻ കപ്പിനുള്ള അവസാനത്തെ പതിനൊന്നു സ്ഥാനങ്ങളിൽ ആരൊക്കെ ഇടം നേടുമെന്നു നോക്കാനായി നടക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ഇരുപത്തിനാലു ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ചൈനയും ഇന്ത്യയുമടക്കം ആറു രാജ്യങ്ങളാണ് യോഗ്യത മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക. ജൂണിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഫെബ്രുവരി 10, 2022നു പ്രസിദ്ധീകരിച്ച ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യ 104ആം സ്ഥാനത്തു നിൽക്കുമ്പോൾ ഹോംഗ് കോങിന്റെ റാങ്കിങ് 148 ആണ്. അഫ്‌ഗാനിസ്ഥാൻ 150ആം സ്ഥാനത്തു നിൽക്കുമ്പോൾ കംബോഡിയ 171 ആണ് റാങ്കിങ്. അതിനാൽ തന്നെ ഈ ടീമുകളെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്.

1956ൽ ഏഷ്യൻ കപ്പ് ആരംഭിച്ചതിനു ശേഷം 1964, 1984, 2011, 2019 എന്നീ നാല് എഡിഷനുകളിലാണ് ഇന്ത്യൻ ടീം യോഗ്യത നേടിയിട്ടുള്ളത്. അതിൽ 1964ൽ ആദ്യമായി ഏഷ്യൻ കപ്പിനു യോഗ്യത നേടിയ സമയത്ത് രണ്ടാം സ്ഥാനത്തു വന്നതാണ് ഇന്ത്യയെ സംബന്ധിച്ചുണ്ടായ സുപ്രധാനമായ നേട്ടം. 2019ൽ നടന്ന കഴിഞ്ഞ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

24 ടീമുകൾ മത്സരിക്കുന്ന ഏഷ്യൻ കപ്പിൽ പതിമൂന്നു ടീമുകൾ നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ആറു ഗ്രൂപ്പുകളായി ബാക്കി സ്ഥാനങ്ങൾക്കായി മത്സരിക്കുന്ന ടീമുകളിൽ നിന്നും ഗ്രൂപ്പ് ജേതാക്കളും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് യോഗ്യത നേടുക. ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾ ജൂൺ 8 മുതൽ 14 വരെ കൊൽക്കത്തയിൽ വെച്ചാണ് നടക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit