നേപ്പാളിനെ കശക്കിയെറിഞ്ഞു; ഇന്ത്യക്ക് എട്ടാം സാഫ് കിരീടം

നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ പതിമൂന്നാം എഡിഷനിലെ വിജയികൾ. മാൽദീവ്സ് നാഷണൽ സ്റ്റേഡിയത്തിൽ അല്പം മുൻപ് അവസാനിച്ച മത്സരത്തിൽ സുനിൽ ഛേത്രി, സുരേഷ് സിംഗ്, സഹൽ അബ്ദുൾ സമദ് എന്നിവർ നേടിയ ഗോളുകളാണ് ഇന്ത്യക്ക് തങ്ങളുടെ എട്ടാം സാഫ് കിരീടം സമ്മാനിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ തപ്പിത്തടഞ്ഞതിന് ശേഷമാണ് ശക്തമായ തിരിച്ചു വരവ് നടത്തി നീലക്കടുവകളുടെ കിരീട ധാരണം.
മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽത്തന്നെ നേപ്പാൾ ബോക്സിലേക്ക് ഇരച്ചെത്തിയ ഇന്ത്യ, തങ്ങളുടെ ലക്ഷ്യം തുടക്കം തന്നെ വ്യക്തമാക്കി. നാലാം മിനുറ്റിൽ ഇന്ത്യക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചെങ്കിലും നേപ്പാൾ ഗോൾകീപ്പർ കിരൺ ലിംബുവിന്റെ ഇരട്ട സേവ് നേപ്പാളിനെ രക്ഷപെടുത്തി. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി കളിച്ചെങ്കിലും ഗോളുകൾ ഇന്ത്യയിൽ നിന്ന് അകന്നു നിന്നു. ഇടക്ക് കിട്ടിയ ചില അവസരങ്ങൾ മുതലാക്കുന്നതിൽ നേപ്പാളും പരാജയപ്പെട്ടതോടെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനുറ്റിൽ സുനിൽ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോൾ കണ്ടെത്തി. വലത് വശത്ത് നിന്ന് പ്രിതം കോട്ടാൽ നൽകിയ പന്ത് ഒരു ഹെഡറിലൂടെ ഛേത്രി ഗോളിലേക്ക് തിരിച്ചു വിടുമ്പോൾ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ നേപ്പാൾ ഗോൾകീപ്പർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യ ഇതോടെ മത്സരത്തിൽ ലീഡെടുത്തു (1-0).
FULL-TIME ⌛️
— Indian Football Team (@IndianFootball) October 16, 2021
????C.H.A.M.P.I.O.N.S. ????
?? 3-0 ??
✍️ https://t.co/Krscpgs4nu#INDNEP ⚔️ #SAFFChampionship2021 ? #BackTheBlue ? #IndianFootball ⚽ pic.twitter.com/bcZwgDxGHn
കളിയിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ കളി തുടർന്ന ഇന്ത്യ അൻപതാം മിനുറ്റിൽ ഗോൾ ലീഡുയർത്തി. സുരേഷ് സിംഗായിരുന്നു ഇക്കുറി ഗോൾസ്കോറർ. രണ്ട് ഗോളുകൾക്ക് മുന്നിലായതോടെ നേപ്പാൾ താരങ്ങൾ മാനസികമായി തളർന്നു. ഇത് അവരുടെ കളിയിലും പ്രകടമായി. എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റുകളെത്തിയപ്പോളും ഇന്ത്യ തങ്ങളുടെ ഗോൾ ടാലി ഉയർത്താനുള്ള ശ്രമം തുടർന്ന് കൊണ്ടിരുന്നു. ഇഞ്ചുറി ടൈമിൽ അവർക്ക് അതിന്റെ ഫലവും കിട്ടി. അഞ്ചോളം നേപ്പാൾ താരങ്ങളെ കബളിപ്പിച്ചു കൊണ്ട് മലയാളി താരം സഹൽ അബ്ദുൾ സമദ് നേടിയ ഗോൾ ഇന്ത്യയെ മത്സരത്തിൽ 3-0 ന് മുന്നിലെത്തിച്ചു. ഇതോടെ ഇന്ത്യ തകർപ്പൻ വിജയത്തോടെ തങ്ങളുടെ എട്ടാം സാഫ് കിരീടം ഉറപ്പിച്ചു.