ഇന്ത്യക്ക് സാഫ് കപ്പിൽ ഇപ്പോളും കിരീട സാധ്യതയുണ്ടെന്നും, നന്നായി കളിച്ചാൽ ടീം ജയിക്കുമെന്നും ഇഗോർ സ്റ്റിമാച്ച്

സാഫ് കപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും സമനില വഴങ്ങി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണെങ്കിലും ഇന്ത്യക്ക് ഇപ്പോളും ടൂർണമെന്റിൽ കിരീട സാധ്യതയെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. നന്നായി കളിച്ചാൽ തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നും, ജയിക്കുകയല്ലാതെ വേറെ മാർഗം മുന്നിലില്ലെന്നും പറഞ്ഞ സ്റ്റിമാച്ച്, അതിനായി മാത്രമാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും നേപ്പാളിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
"നന്നായി കളിച്ചാൽ ഞങ്ങൾ ഉറപ്പായും മത്സരം ജയിക്കും. ജയിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. ഒന്നും മാറിയിട്ടില്ല. ടൂർണമെന്റിൽ ജയിക്കാനാണ് ഞങ്ങൾ ഇപ്പോളും ഇവിടെയുള്ളത്. ഞങ്ങൾക്ക് പരസ്പരം അറിയാം. എന്നാൽ അവർക്ക് വ്യത്യസ്തമായ ഒരു സമീപനമുണ്ടായേക്കാം. കണക്കുകൂട്ടലുകൾ നടത്താനുള്ള ധാരാളിത്തം അവർക്കുണ്ട്. അവർക്ക് ആറ് പോയിന്റുകളുണ്ട്. അതും അപകടകരമാണ്. എന്നാൽ ആദ്യ മിനുറ്റ് മുതൽ ഞങ്ങൾ ഗോളിനായി ശ്രമിക്കും."
"ഒന്നും മാറിയിട്ടില്ല. എല്ലാം(സാധ്യതകൾ) ഇപ്പോളും തുറന്ന് കിടക്കുന്നു. എട്ട്, ഒൻപത് പോയിന്റുകൾ നേടാനല്ല, മറിച്ച് ടൂർണമെന്റിൽ വിജയിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. ആറ് പോയിന്റ് കൊണ്ടും ഞങ്ങൾക്ക് ഫൈനലിലെത്താനാകും. എന്നാൽ കണക്കുകളെക്കുറിച്ച് ചിന്തിക്കാതെ വിജയിക്കുന്നതിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം." സ്റ്റിമാച്ച് പറഞ്ഞു.
"If we play well we will win the game. There is no other option but to win. Nothing has changed. We are still here to win the tournament."#SAFFChampionship2021 #IndianFootball pic.twitter.com/dVFYSVmkob
— Goal India (@Goal_India) October 9, 2021
അതേ സമയം സാഫ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും, രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും ഗോൾ രഹിത സമനില ഏറ്റുവാങ്ങിയ ഇന്ത്യ ഇപ്പോൾ 2 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. നാളെ വൈകിട്ട് 9.30 നാണ് ഈ മത്സരത്തിന്റെ കിക്കോഫ്.