ഗോളുകളടിച്ച് ഛേത്രിയും, ചൗധരിയും; നേപ്പാളിനെ വീഴ്ത്തി ഇന്ത്യൻ നീലക്കടുവകൾ

നേപ്പാളിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് ജയം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള ദശരഥ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നീലക്കടുവകളുടെ വിജയം. ഫറൂഖ് ചൗധരിയും, സുനിൽ ഛേത്രിയും ഇന്ത്യക്കായി ഗോളുകൾ നേടിയപ്പോൾ ടെജ് ടമാംഗാണ് നേപ്പാളിനായി വല കുലുക്കിയത്.
കഴിഞ്ഞ മത്സരത്തിൽ ഇതേ എതിരാളികൾക്കെതിരെ സമനില വഴങ്ങിയ ടീമിൽ 7 മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഇന്ത്യൻ ടീമിനെയിറക്കിയത്. ഗുർപ്രീത് സിംഗ് സന്ധുവിന് പകരം അമരീന്ദർ സിംഗ് ഗോൾവലക്ക് മുന്നിലെത്തിയപ്പോൾ, പരിക്കിനെത്തുടർന്ന് മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദിന് മത്സര ദിന സ്ക്വാഡിൽ ഇടം ലഭിച്ചില്ല. കൂട്ടത്തിൽ കരുത്തർ ഇന്ത്യയാണെങ്കിലും നേപ്പാൾ കളം വാഴുന്നതാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ കണ്ടത്. ഇന്ത്യൻ ആരാധകർക്ക് ഒട്ടും തൃപ്തി നൽകുന്നതായിരുന്നില്ല കളിയുടെ ആദ്യ പകുതി.
FULL TIME! A fantastic second half for the #BlueTigers ?, as @choudharyfar8 and @chetrisunil11 score the two goals to hand India the victory!
— Indian Football Team (@IndianFootball) September 5, 2021
?? 1-2 ??#NEPIND ⚔️ #BackTheBlue ? #BlueTigers ? #IndianFootball ⚽ pic.twitter.com/B0w95k2xgk
രണ്ടാം പകുതിയിൽ കുറച്ച് കൂടി മികച്ചു കളിക്കുന്ന ഇന്ത്യയെയാണ് കളത്തിൽ കണ്ടത്. അറുപത്തിരണ്ടാം മിനുറ്റിൽ അതിന് അവർക്ക് ഫലവും ലഭിച്ചു. അറുപത്തിരണ്ടാം മിനുറ്റിൽ ബോക്സിനുള്ളിൽ വെച്ച് സുനിൽ ഛേത്രി നൽകിയ പന്ത് ഫറൂഖ് ചൗധരി വലയിലെത്തിച്ചു. ഇന്ത്യ 1-0 ന് മുന്നിൽ. മത്സരത്തിൽ പിന്നിലായതോടെ നേപ്പാൾ ആക്രമണം ശക്തമാക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ ടീമിന് വിനയായി.
നിശ്ചിത സമയം അവസാനിക്കാൻ 10 മിനുറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യ മത്സരത്തിൽ ലീഡ് ഉയർത്തി. ഇക്കുറി നായകൻ ചേത്രിയായിരുന്നു ഗോൾ സ്കോറർ. ഇതിന് ശേഷവും നേപ്പാൾ ആക്രമണം തുടർന്ന് കൊണ്ടിരുന്നു. എൺപത്തിയേഴാം മിനുറ്റിൽ അതിന് അവർക്ക് ഫലവും ലഭിച്ചു. ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് വലയിലെത്തിച്ച ടെജ് ടെമാംഗാണ് ടീമിനായി ഗോൾ വല കുലുക്കിയത്. ഇതിന് ശേഷം മത്സരം സമനിലയിലെത്തിക്കാൻ നേപ്പാൾ ആവും വിധം ശ്രമിച്ചെങ്കിലും പതറാതെ പിടിച്ചു നിന്ന ഇന്ത്യ വിജയവുമായി മടങ്ങുകയായിരുന്നു.