Football in Malayalam

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ ഛേത്രി; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ

Gokul Manthara
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/Getty Images
facebooktwitterreddit

ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. അല്പം മുൻപ് ദോഹയിലെ ജസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് നീലക്കടുവകളുടെ വിജയം. നായകൻ സുനിൽ ഛേത്രിയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്. എഴുപത്തിയൊൻപതാം മിനുറ്റിൽ മലയാളി താരം ആഷിഖ് കുരുനിയൻ നൽകിയ പന്തിൽ നിന്ന് ആദ്യ ഗോൾ കണ്ടെത്തിയ താരം ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോൾ സ്കോർ ചെയ്തത്. ഇരട്ട ഗോളുകൾ നേടിയ താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന കളികാരിൽ രണ്ടാമതുമെത്തി‌

ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നുവെങ്കിലും ഈ വിജയത്തോടെ ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്കായി‌. ഈ മാസം 15 ന് അഫ്ഗാനിസ്ഥാനെതിരെയാണ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരം.

ഖത്തറിനെതിരായ അവസാന മത്സരത്തിൽ കളിച്ച ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിന്റെ പതിനേഴാം മിനുറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ രാഹുൽ ഭേക്കെ, മലയാളി താരം ആഷിഖ് കുരുനിയൻ, പ്രിതം കോട്ടാൽ എന്നിവർ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ ചിംഗ്ലൻസാന സിംഗ്, ഉദാന്ത‌സിംഗ്, ബ്രാണ്ടൻ ഫെർണാണ്ടസ് എന്നിവർ ആദ്യ ഇലവനിലെത്തി‌. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസിനെ ഫൗൾ ചെയ്ത ബംഗ്ലാ താരം റാകിബ് മഞ്ഞക്കാർഡ് വാങ്ങി‌.

പതിനാറാം മിനുറ്റിൽ ഇന്ത്യക്ക് മത്സരത്തിലെ ആദ്യ മികച്ച ഗോളവസരം ലഭിച്ചു. എന്നാൽ മൻവീർ സിംഗ് അത് പാഴാക്കി. ഇന്ത്യ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധം തീർക്കുന്ന ബംഗ്ലാദേശിനെയായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. ഇതിനിടെ ഇരുപത്തിയൊൻപതാം മിനുറ്റിൽ അർഹിച്ച പെനാൽറ്റി ഇന്ത്യക്ക് നഷ്ടമായി. ഹെഡർ ശ്രമത്തിനിടെ നായകൻ സുനിൽ ഛേത്രിയെ ബംഗ്ലാ താരം ബോക്സിൽ വീഴ്ത്തിയെങ്കിലും ഛേത്രിയുടെ കൈയ്യിൽ പന്ത് തട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു റഫറി ഇന്ത്യക്ക് പെനാൽറ്റി നിഷേധിച്ചത്. എന്നാൽ ഇത് ക്ലിയർ പെനാൽറ്റി ആയിരുന്നുവെന്ന് പിന്നീട് റീപ്ലേകളിൽ വ്യക്തമായി.

മുപ്പത്തിയഞ്ചാം മിനുറ്റിൽ കോർണറുകളിൽ നിന്ന് തുടർച്ചയായി ഇന്ത്യക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചു. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടാനുള്ള സനയുടെ ആദ്യ ശ്രമം ബംഗ്ലാദേശ് കഷ്ടപ്പെട്ട് തടഞ്ഞപ്പോൾ, പിന്നാലെ ലഭിച്ച കോർണറിൽ നിന്ന് ഗോൾ നേടാനുള്ള സുനിൽ ഛേത്രിയുടെ ശ്രമം പുറത്തേക്ക് പോവുകയായിരുന്നു. ഫൈനൽ തേഡിൽ തീർത്തും നിരാശപ്പെടുത്തുന്ന ഇന്ത്യയെയായിരുന്നു ആദ്യ പകുതിയിൽ കണ്ടത്‌.

രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. ഉദാന്ത സിംഗ്, ബിപിൻ സിംഗ് എന്നിവർക്ക് പകരം യാസിറും, ആഷിഖ് കുരുനിയനും കളത്തിലെത്തി. രണ്ടാം പകുതിയിലും ആക്രമിച്ച് കളിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും ആദ്യ പകുതിയിലെപ്പോലെ തന്നെ ഫൈനൽ തേഡിലെ മോശം പ്രകടനം ഇന്ത്യ തുടർന്നു. 59-ം മിനുറ്റിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ചു കൊണ്ടിരുന്ന മൻവീറിനെ മാറ്റി, ലിസ്റ്റനെ ഇന്ത്യ കളത്തിലിറക്കി‌.

തുടർച്ചയായി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഇന്ത്യ മറ്റൊരു നിരാശാജനകമായ മത്സരഫലത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് കരുതിയിരുന്നപ്പോളായിരുന്നു ഗോൾ പിറന്നത്. മലയാളി താരം ആഷിഖ് നൽകിയ ക്രോസിൽ നിന്ന് ഹെഡറിലൂടെ വല കുലുക്കിയ സുനിൽ ഛേത്രി എഴുപത്തിയൊൻപതാം മിനുറ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ ആത്മവിശ്വാസത്തിൽ കളി തുടർന്ന ഇന്ത്യ ഇഞ്ചുറി ടൈമിൽ ഗോൾ ലീഡ് ഉയർത്തി. ആദ്യ ഗോൾ നേടിയ സുനിൽ ഛേത്രി തന്നെയായിരുന്നു ഇക്കുറിയും ഗോൾ സ്കോറർ. ബോക്സിനുള്ളിൽ നിന്ന് നായകൻ തൊടുത്ത തകർപ്പൻ ഷോട്ട് ബംഗ്ലാദേശ് ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിലെത്തുമ്പോൾ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit