ജോർദാനെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു.
By Sreejith N

ജോർദാനെതിരെ ഈ മാസം നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. മെയ് 28നു ഖത്തർ തലസ്ഥാനം ദോഹയിൽ വെച്ചാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.
എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യത മത്സരങ്ങൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ ടീം ബെല്ലാരിയിലും കൊൽക്കത്തയിലും ക്യാംപിങ് നടത്തുന്നുണ്ട്. എടികെ മോഹൻ ബഗാൻ, ഹീറോ ഐ ലീഗ് ഓൾ സ്റ്റാർ ടീം, വെസ്റ്റ് ബംഗാൾ ടീം എന്നിവർക്കെതിരെ ഇന്ത്യൻ ടീം സൗഹൃദ മത്സരങ്ങൾ കളിക്കുകയും ചെയ്‌തിരുന്നു.
മെയ് 25നു ദോഹയിലേക്ക് യാത്ര ചെയ്യുന്ന ടീം സൗഹൃദ മത്സരം പൂർത്തിയായതിനു ശേഷം മെയ് 30നു കൊൽക്കത്തയിൽ തിരിച്ചെത്തും. അതിനു ശേഷം പരിശീലനം പുനരാരംഭിച്ച് ജൂൺ എട്ടിന് കമ്പോഡിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ കപ്പ് യോഗ്യത മത്സരം.
ഇന്ത്യൻ ടീം:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സദ്ദു, ലക്ഷ്‌മികാന്ത് കട്ടിമാണി, അമരീന്ദർ സിങ്
പ്രതിരോധതാരങ്ങൾ: രാഹുൽ ബേക്കേ, ആകാശ് മിശ്ര, ഹർമൻജോത് ഖബ്‌റ, റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കൻ, സുബാഷിഷ് ബോസ്, പ്രീതം കൊട്ടാൽ.
മധ്യനിര: ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർട്ടിൻസ്, ബ്രണ്ടൻ ഫെർണാണ്ടസ്, റീഥ്വിക് ദാസ്, ഉദാന്ത സിങ്, യാസിർ മൊഹമ്മദ്, സഹൽ അബ്‌ദുൾ സമദ്, സുരേഷ് വാങ്‌യാം, ആഷിക് കുരുണിയൻ, ലിസ്റ്റൻ കോളാകോ.
മുന്നേറ്റനിര: ഇഷാൻ പണ്ടിറ്റ, സുനിൽ ഛേത്രി, മൻവീർ സിങ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.