FC Barcelona News

മെസിയില്ലാതെ കളിക്കാൻ ബാഴ്‌സക്കു സാധ്യമല്ലെന്ന് റൊണാൾഡ്‌ കൂമാൻ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസിയില്ലാതെ കളിക്കാൻ ബാഴ്‌സലോണക്ക് സാധ്യമല്ലെന്നു താരം വീണ്ടും കാണിച്ചു തന്നുവെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. സെൽറ്റ വിഗോക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ തോൽവി വഴങ്ങി കിരീടപ്രതീക്ഷകൾ കൈവിട്ടതിനു ശേഷം മെസി ക്ലബ് വിടാൻ സാധ്യതയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാഴ്‌സലോണ പരിശീലകൻ.

കിരീടം നേടാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന ടീമെന്ന നിലയിൽ നിന്നും അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയാണ് ബാഴ്‌സലോണ ലീഗിൽ മൂന്നാം സ്ഥാനത്തേക്കു വീണത്. ഇന്നലെ നടന്ന മത്സരത്തിൽ മെസി ടീമിനെ മുന്നിലെത്തിച്ചെങ്കിലും ആ ഗോളിനെ പ്രതിരോധിക്കാൻ ടീമിനായില്ലെന്നതു കൊണ്ടാണ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം കാറ്റാലൻ ക്ലബ് വഴങ്ങിയത്.

"മെസി ഇപ്പോഴും ടീമിലെ മികച്ച താരമായി തുടരുന്നതിനാൽ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. തന്റെ സാന്നിധ്യമില്ലാതെ കളിക്കുക ബാഴ്‌സക്ക് അസാധ്യമാണെന്ന് അദ്ദേഹം കാണിച്ചു തരികയും ചെയ്‌തു. മുപ്പതു ഗോളുകൾ നേടിയ താരം നിരവധി പോയിന്റുകളാണ് നേടിത്തന്നത്. അദ്ദേഹമാണ് ഇതിനു മറുപടി പറയേണ്ടത്. എനിക്കും ക്ലബിനും മെസി തുടരണമെന്ന് തന്നെയാണ്. കാരണം ഇത്രയും ഗോളുകൾ മറ്റാർക്കാണ് നേടാനാകുകയെന്നത് സംശയമാണ്." കൂമാൻ പറഞ്ഞു.

അതേസമയം ബാഴ്‌സലോണയിലെ തന്റെ ഭാവിയെക്കുറിച്ച് കൂമാൻ വ്യക്തമായി മറുപടി പറഞ്ഞില്ല. സീസണു ശേഷം കാര്യങ്ങൾ അവലോകനം ചെയ്‌തതിനു ശേഷമായിരിക്കും അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച സ്പോർട്ടിങ് പ്രോജക്‌ട് മുന്നോട്ടു വെക്കുന്ന ടീമിനു വേണ്ടി കളിക്കാനുള്ള ആഗ്രഹം നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള ലയണൽ മെസിയുടെ കരാർ അവസാനിക്കാനിരിക്കെ താരം ക്ലബ് വിടുന്നത് ബാഴ്‌സയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ താരത്തിനായി സജീവമായി രംഗത്തുണ്ട്.

facebooktwitterreddit