Football in Malayalam

മെസിയും റൊണാൾഡോയും തമ്മിലുള്ള മത്സരം സൃഷ്‌ടിച്ച പ്രഭാവം വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ് സഹപരിശീലകൻ

Sreejith N
Former Real Madrid Coach Explains Impact Of Messi-Ronaldo Rivalry
Former Real Madrid Coach Explains Impact Of Messi-Ronaldo Rivalry / Power Sport Images/GettyImages
facebooktwitterreddit

ലോകഫുട്ബാളിൽ തങ്ങളുടെ ആധിപത്യം ഒരു ദശാബ്‌ദത്തിൽ കൂടുതൽ കാലം നിലനിർത്തിയ രണ്ടു താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ സീസണിലാണ് കുറച്ചു നിറം മങ്ങിയ പ്രകടനം നടത്തുന്നത്. എങ്കിലും പന്ത്രണ്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പങ്കിട്ടെടുത്ത അവർ തന്നെയാണ് ഭൂരിഭാഗം ആരാധകർക്കും ഇപ്പോഴും ലോകത്തിലെ മികച്ച താരങ്ങൾ.

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെപ്പോലെ ഒരേ കാലഘട്ടത്തിൽ പരസ്‌പരം മത്സരിച്ച് മുന്നേറിയ രണ്ടു താരങ്ങൾ ഫുട്ബോൾ ലോകത്തുണ്ടാകില്ല. ഇരുവരും തമ്മിൽ നിലനിന്ന ഈ മത്സരം തന്നെയാണ് അവരെ ഇത്രയും കാലം ലോകഫുട്ബാളിൻെറ നെറുകയിൽ ഇരുത്തിയത്. ജോസെ മൗറീന്യോ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് സഹപരിശീലകനായിരുന്ന ഐറ്റർ കരങ്കയും കഴിഞ്ഞ ദിവസം സമാനാഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.

"റൊണാൾഡോക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞുവെന്നത് സന്തോഷവും മേന്മയുമാണ്. ഒരു പ്രൊഫെഷനലും ലീഡറുമാണ് താരമെങ്കിലും എപ്പോഴും ആക്രോശിക്കാതെ ജോലിയോടുള്ള തന്റെ മനോഭാവം കൊണ്ടാണ് താരം അതു കാണിക്കുക. പരിശീലന മൈതാനത്ത് ആദ്യം വരുന്നതും അവസാനം പോകുന്നതും താരമായിരിക്കും. ഗോളുകളും വിജയങ്ങളും നേടാനുള്ള അഭിനിവേശം താരത്തിനുണ്ട്."

"ഞാൻ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് റൊണാൾഡോയും മെസിയും തമ്മിലുണ്ടായിരുന്ന മത്സരവും മാഡ്രിഡും ബാഴ്‌സയും തമ്മിലുള്ള വൈരിയും ഒരു ടീമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഞങ്ങളെ കൂടുതൽ മികച്ചതാക്കി. ഈ രണ്ടു ടീമുകൾ തമ്മിലുള്ള മത്സരം എല്ലാവർക്കും വലിയൊരു വെല്ലുവിളി ആയിരുന്നു." മിററിനോട് സംസാരിക്കുമ്പോൾ ഐറ്റർ വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ കളിക്കുന്നതിലും താരം ടീമിനെ മുന്നോട്ടു നയിക്കുന്നതിലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും പന്തിനെ ശ്രദ്ധിച്ച് ഗോളുകൾ നേടാനുള്ള വഴി കണ്ടെത്താൻ ശ്രമിക്കുന്ന റൊണാൾഡോ ടീമിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുള്ളപ്പോൾ അവിടെയുണ്ടാകുമെന്നും ഐറ്റർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit