'ഭാവിയെക്കുറിച്ചോർത്ത് ആശങ്കയില്ല, എന്റെ ചിന്ത മത്സരത്തെയും ടീമിനെയും കുറിച്ച് മാത്രം'; മനസ് തുറന്ന് റൊണാൾഡ് കൂമാൻ

ബാഴ്സലോണയിലെ ഭാവിയെക്കുറിച്ചോർത്ത് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. സമീപകാലത്തെ ക്ലബ്ബിന്റെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ കൂമാന്റെ പരിശീലക സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി കൂമാൻ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ചിന്തകൾ മത്സരത്തെക്കുറിച്ചും, ബാഴ്സലോണ ടീമിനെക്കുറിച്ചും മാത്രമാണെന്നും ഗ്രനഡക്കെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കൂമാൻ വ്യക്തമാക്കി.
"ഞാൻ മത്സരത്തെക്കുറിച്ചും, ടീമിനെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എന്റെ കൈയ്യിലല്ല. മത്സരങ്ങൾ വിജയിക്കുന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. കുറച്ച് കളികാർ ടീമിലേക്ക് തിരികെയെത്തേണ്ടതുണ്ട്, അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ആളുകളിൽ നിന്ന് ടീമിനെ തിരഞ്ഞെടുക്കാനാകും. പക്ഷേ ഞങ്ങൾ വിജയിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. ഫലങ്ങളാണ് പ്രധാനം. ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ആശങ്കയില്ല. ക്ലബ്ബും പ്രസിഡന്റുമാണ് തീരുമാനമെടുക്കുക." കൂമാൻ പറഞ്ഞു.
?️ "I'm only thinking about the match and the team. The rest is out of my hands."https://t.co/7GTLSWNGWu
— MARCA in English (@MARCAinENGLISH) September 19, 2021
അതേ സമയം ഈയാഴ്ച മൂന്ന് മത്സരങ്ങളാണ് ബാഴ്സലോണക്ക് കളിക്കാനുള്ളത്. ചൊവ്വാഴ്ച പുലർച്ചെ ഗ്രനഡയെ നേരിടുന്ന അവർ വെള്ളിയാഴ്ച പുലർച്ചെ കാഡിസിനേയും, ഞായറാഴ്ച വൈകിട്ട് ലെവാന്റക്കെതിരെയും ഏറ്റുമുട്ടും. ഈ മൂന്ന് മത്സരങ്ങളിലും തങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും സംസാരത്തിനിടെ കൂമാൻ പ്രകടിപ്പിച്ചു.
""എല്ലാ മത്സരങ്ങളും ജയിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. ഞങ്ങൾ ഈ മത്സരങ്ങൾക്കായി നന്നായി തയ്യാറെടുക്കേണ്ടതും, പ്രതിരോധിക്കേണ്ടതുമുണ്ട്." "
- റൊണാൾഡ് കൂമാൻ
ടീമിലെ സൂപ്പർ താരങ്ങളായ അഗ്യൂറോ, കുട്ടീഞ്ഞോ, അൻസു ഫാറ്റി എന്നിവരുടെ ഫിറ്റ്നസ് അപ്ഡേറ്റുകളും സംസാരത്തിനിടെ കൂമാൻ പുറത്ത് വിട്ടു. അഗ്യൂറോ ഫിസിയോയുടെ സഹായത്തോടെ പരിശീലന മൈതാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കൂമാൻ, കുട്ടീഞ്ഞോ ഇപ്പോളും 90 മിനുറ്റുകൾ കളിക്കാനുള്ള നിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് പറയുന്നത്. സംസാരത്തിനിടെ അൻസു ഫാറ്റിയെ വാനോളം പ്രശംസിച്ച ബാഴ്സലോണ ബോസ്, വളരെ ചെറുപ്പമായിരുന്നിട്ടും ഫാറ്റി മികച്ച നിലവാരം പുലർത്തുകയും, ധാരാളം ഗോളുകൾ നേടുകയും ചെയ്തതായും വ്യക്തമാക്കി. നിലവിൽ ടീമിനൊപ്പം പ്രവർത്തിക്കുന്ന അദ്ദേഹം എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ പത്ത് ദിവസങ്ങൾക്കകം അതുണ്ടായേക്കാമെന്നും സംസാരത്തിനിടെ കൂമാൻ കൂട്ടിച്ചേർത്തു.