Football in Malayalam

ഫുട്ബോൾ അവാർഡുകളിലുള്ള വിശ്വാസം കൂടുതൽ നഷ്‌ടമാകുന്നു, മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെ വിമർശിച്ച് കസിയസ്

Sreejith N
Iker Casillas, Football Legend at Sportboost, addresses the...
Iker Casillas, Football Legend at Sportboost, addresses the... / SOPA Images/GettyImages
facebooktwitterreddit

റോബർട്ട് ലെവൻഡോസ്‌കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 2021 സീസണിലെ ബാലൺ ഡി ഓർ നേടിയ ലയണൽ മെസി കരിയറിൽ ഏഴു ബാലൺ ഡി ഓർ പുരസ്‌കാരമെന്ന, മറ്റാർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്ത നേട്ടം കൂടിയാണ് സ്വന്തമാക്കിയത്. അതേസമയം മെസിയുടെ പുരസ്‌കാരനേട്ടത്തിൽ അതൃപ്‌തി രേഖപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല.

നേരത്തെ ലോതർ മത്തേവൂസ്, ടോണി ക്രൂസ് എന്നിവർ മെസി ഇത്തവണ പുരസ്‌കാരം അർഹിക്കുന്നില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ജർമൻ മാധ്യമങ്ങളും മെസിയുടെ നേട്ടത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അതിനു പുറമെ മുൻ റയൽ മാഡ്രിഡ് നായകനായ ഇകർ കസിയസും ഇപ്പോൾ സമാനമായ അഭിപ്രായം രേഖപ്പെടുത്തി. ഇത്തരം അവാർഡുകളിലുള്ള വിശ്വാസം തന്നെ നഷ്‌ടമായെന്നാണ് കസിയസ് പ്രതികരിച്ചത്.

"ഇതുപോലെയുള്ള അവാർഡുകളിൽ വിശ്വസിക്കുന്നത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമായി വരുന്നുണ്ട്. എന്നെ സംബന്ധിച്ച് മെസി എക്കാലത്തെയും മികച്ച അഞ്ചു താരങ്ങളിൽ ഒരാളാണ്. എന്നാൽ അവർ പ്രസ്‌തുത സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെ പരിഗണിക്കേണ്ടതുണ്ട്. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മറ്റുള്ളവർ അത് ബുദ്ധിമുട്ടാക്കുകയാണ്." കസിയസ് ട്വിറ്ററിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമപ്രവർത്തകർ ആണ് ബാലൺ ഡി ഓർ ജേതാവിനെ കണ്ടെത്താൻ വോട്ടു ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ മെസിയെക്കാൾ മികച്ച വ്യക്തിഗത പ്രകടനം നടത്തിയ ലെവൻഡോസ്‌കി രണ്ടാമതും കൂടുതൽ പ്രധാന കിരീടങ്ങൾ നേടിയ ജോർജിന്യോ മൂന്നാമതും വന്നതാണ് കസിയസിന്റെ വിമർശനത്തിന്റെ പ്രധാന കാരണം.


facebooktwitterreddit