അഫ്‌ഗാനിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പു നൽകി പരിശീലകൻ സ്റ്റിമാക്ക്
By Sreejith N

ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് മുന്നറിയിപ്പുമായി പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. കായികപരമായി മുന്നിലുള്ള അഫ്‌ഗാനിസ്ഥാൻ താരങ്ങൾ അവരുടെ സകലശക്തിയും ഉപയോഗിച്ച് ഇന്ത്യയെ കീഴടക്കാൻ ശ്രമിക്കുമെന്നും ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ കംബോഡിയയെക്കാൾ കരുത്തരാണ് അവരെന്നും സ്റ്റിമാക്ക് പറഞ്ഞു.
"അഫ്‌ഗാനിസ്ഥാൻ താരങ്ങൾ കായികപരമായി വളരെ കരുത്തു നിറഞ്ഞവരാണ്. പൊസിഷനിംഗ് ആയിരിക്കും പ്രധാനപ്പെട്ട കാര്യം. അതിനു പുറമെ മത്സരത്തെ മനസിലാക്കുന്നതും നിർണായകമായ കാര്യമാണ്. ടൈറ്റ് ലൈനുകൾ സൃഷ്‌ടിച്ച്, കൂടുതൽ ഡ്യൂവലുകൾ വിജയിച്ച് ബുദ്ധിപരമായി മുന്നോട്ടു പോണം." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ സ്റ്റിമാക്ക് പറഞ്ഞു.
"അവസാനം ദോഹയിൽ വെച്ച് അഫ്‌ഗാനിസ്ഥാനുമായി കളിച്ച സമയത്ത് നമ്മൾ അവരെക്കാൾ എല്ലാ കാര്യത്തിലും മികച്ചു നിന്നിരുന്നു. എന്നാലിപ്പോൾ അന്നത്തേക്കാൾ മികച്ച രൂപത്തിലാണ് ഇന്നു ടീമുള്ളത്. ഇപ്പോഴുള്ള സാഹചര്യത്തിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, ഞങ്ങൾ വിജയം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." സ്റ്റിമാക്ക് പറഞ്ഞു.
അതേസമയം ഇന്ത്യയുമായുള്ള മത്സരം ജീവന്മരണ പോരാട്ടമാണ് എന്നാണു അഫ്‌ഗാനിസ്ഥാൻ പരിശീലകൻ അനൗഷ് ഡാസ്റ്റ്ഗിർ പറഞ്ഞത്. രണ്ടു ടീമുകൾക്കും പരസ്‌പരം അറിയാം എന്നതിനാൽ തന്നെ മികച്ചൊരു പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ ഫുട്ബോൾ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യ ജൂൺ 14നു നടക്കുന്ന അവസാനത്തെ മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.