സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുൻപ് ഇന്ത്യൻ ടീമിനു മുന്നറിയിപ്പു നൽകി പരിശീലകൻ ഇഗോർ സ്റ്റിമാക്ക്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/GettyImages
facebooktwitterreddit

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോൾ മുൻവിജയങ്ങൾ നൽകിയ അമിതമായ ആത്മവിശ്വാസത്തെ ഇന്ത്യൻ താരങ്ങൾ സൂക്ഷിക്കണമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ഇന്നു രാത്രി 8.30നു മാലിദ്വീപിലെ നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന 2021 സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേപ്പാളിനെയാണ് ഇന്ത്യൻ ടീം നേരിടുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങളിൽ സമനില വഴങ്ങി സാഫ് ചാമ്പ്യൻഷിപ്പിനു തുടക്കം കുറിച്ച ഇന്ത്യ പിന്നീട് നേപ്പാളിനെതിരെ ഒരു ഗോളിനും മാലിദ്വീപിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും വിജയം നേടിയാണ് ഫൈനൽ പോരാട്ടത്തിലേക്കു മുന്നേറിയത്. മുൻപ് 22 തവണ നേപ്പാളിനോട് ഏറ്റു മുട്ടിയപ്പോൾ 15 തവണയും വിജയിച്ച ഇന്ത്യ രണ്ടു തവണ മാത്രമേ തോൽവി വഴങ്ങിയിട്ടുള്ളൂ.

"അമിത ആത്മവിശ്വാസം ഉണ്ടാവാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്ക് വളരെ വ്യക്തമായ ധാരണയുണ്ട്. ആത്മവിശ്വാസം എന്നതിനും അമിതമായ ആത്മവിശ്വാസം എന്നതിനും ഇടയിൽ ചെറിയൊരു ലൈനുണ്ട്. അതു മറികടക്കില്ലെന്നു ഉറപ്പു വരുത്താൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്." സ്റ്റിമാക്ക് മാധ്യമങ്ങളോട് പറഞ്ഞു.

"എല്ലാ ദിവസവും മികച്ച ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പായും ടീമായും കുടുംബമായും ഞങ്ങൾ ഉയർന്നു വരികയാണ്. ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഞങ്ങൾക്കും നേപ്പാളിനും പരസ്‌പരം നന്നായി അറിയാം. അവസാന രണ്ടു മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. പക്ഷെ ഞാൻ ആവർത്തിക്കുന്നു, ഞങ്ങൾക്ക് അമിതമായ ആത്മവിശ്വാസമില്ല." സ്റ്റിമാക്ക് വ്യക്തമാക്കി.

സാഫ് ചാമ്പ്യൻഷിപ്പിനു മുൻപ് ഇന്ത്യ രണ്ടു സൗഹൃദ മത്സരങ്ങൾ നേപ്പാളുമായി കളിച്ചിരുന്നു. അതിൽ ആദ്യത്തേതിൽ ഇന്ത്യ സമനില വഴങ്ങിയപ്പോൾ മറ്റൊന്നിൽ ടീം വിജയം നേടി. അതിനു പിന്നാലെ ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിലും നേപ്പാളിനെതിരെ നേടിയ വിജയം ഇന്ത്യക്ക് ഫൈനലിൽ കരുത്തു പകരുന്നതാണ്.

facebooktwitterreddit