Football in Malayalam

ഇന്ത്യൻ ടീം മെച്ചപ്പെടമെങ്കിൽ കരുത്തരായ ടീമുകളുമായി മത്സരങ്ങൾ കളിക്കണമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഐഎസ്എൽ സീസൺ അവസാനിച്ചതിന് ശേഷം ഫുട്ബോൾ ആരാധകരുടെ ആവേശമുയർത്തിയാണ് ഇന്ത്യൻ ടീം രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നത്. ഈ മാസം 25നും 28നും ദുബായിൽ വെച്ചു നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ഒമാനെയും യുഎഇയുമാണ് ഇന്ത്യ നേരിടുന്നത്. കഴിഞ്ഞ ദിവസം എഐഎഫ്എഫ് ടിവിയോട് സംസാരിക്കുമ്പോൾ പരിശീലകനായ ഇഗോർ സ്റ്റിമാക് ഇന്ത്യൻ ടീം മെച്ചപ്പെടണമെങ്കിൽ കരുത്തരായ എതിരാളികളുമായി മത്സരങ്ങൾ നടത്തേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കി.

"തുടക്കം മുതൽ തന്നെ ഞാൻ പറഞ്ഞിരുന്നത് സൗഹൃദ മത്സരങ്ങൾ കളിക്കുമ്പോൾ ദുർബലരായ എതിരാളികളെ ഒഴിവാക്കേണ്ടതിനെ കുറിച്ചാണ്. കരുത്തരായ ടീമുകളുമായി മത്സരങ്ങൾ കളിച്ചാലാണ് കൂടുതൽ മെച്ചപ്പെടുകയെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ യോഗ്യത മത്സരങ്ങൾ മാറ്റി വെച്ചയുടനെ അഭിഷേക് യാദവിന്റെയും കുശാൽ ദാസിന്റെയും സഹായത്തോടെ ഞങ്ങൾ ഒമാനും യുഎഇക്കുമെതിരെ സൗഹൃദ മത്സരങ്ങൾ തീരുമാനിക്കുകയായിരുന്നു," സ്റ്റിമാക് പറഞ്ഞു.

"ഇതൊരു മികച്ച അവസരമാണെന്നതിനു പുറമെ ഭയപ്പെടാനും ഒന്നുമില്ല. പരിശീലന മൈതാനത്ത് കാഴ്‌ച വെക്കുന്ന സ്വന്തം കളി പുറത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സ്വതന്ത്രമായി, ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി, പന്തടക്കത്തിൽ വിട്ടുവീഴ്‌ചയില്ലാതെ ആസ്വദിച്ച് കളിക്കാനാണ് ടീം ശ്രമിക്കുക. എന്റെ താരങ്ങളോടും ഞാൻ അതുതന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്."

സ്റ്റിമാക്കിന്റെ സുഹൃത്തും ക്രൊയേഷ്യനുമായ ബ്രാൻകോ ഇവാൻകോവിച്ചാണ് ഒമാൻ ടീമിന്റെ പരിശീലകൻ. തന്റെ സുഹൃത്തിനെ പ്രശംസിച്ച സ്റ്റിമാക് ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ഇവാൻകോവിച്ച് പുകഴ്ത്തിയതിനെ കുറിച്ചും വ്യക്തമാക്കി. ഇരുടീമുകളും തമ്മിൽ ആവേശകരമായ ഒരു പോരാട്ടം നടക്കുമെന്ന പ്രതീക്ഷയും സ്റ്റിമാക് പങ്കുവെച്ചു.

facebooktwitterreddit