Indian Football

ഹോങ്‌കോങ്ങിനെതിരെ വിജയം നേടാൻ എന്തും ചെയ്യാൻ ഇന്ത്യ തയ്യാറാകണമെന്ന് സ്റ്റിമാക്ക്

Sreejith N
Stimac Wants India To Do Everything Against Hong Kong
Stimac Wants India To Do Everything Against Hong Kong / Indian Football Team Twitter
facebooktwitterreddit

ഹോങ്‌കോങ്ങിനെതിരെ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതക്കുള്ള അവസാന മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ആവേശവും പൂർണമായ ആത്മവിശ്വാസവും ദൃഢനിശ്ചയവും കാണിക്കണമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യൻ ടീം ഫിലിപ്പീൻസിനെതിരെ പലസ്‌തീൻ വിജയം നേടിയതിനെ തുടർന്ന് ഇന്നത്തെ മത്സരം കളിക്കുന്നതിനു മുൻപ് തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

കംബോഡിയക്കെതിരെ നടന്ന ഗ്രൂപ്പിലെ ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് വിജയം സ്വന്തമാക്കിയത്. അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കാണിച്ച പോരാട്ടവീര്യം തന്നെ ഹോങ്‌കോങ്ങിനെതിരെയും ആവർത്തിക്കണമെന്നാണ് സ്റ്റിമാക്ക് ആവശ്യപ്പെടുന്നത്.

"തീർച്ചയായും, ഈ മത്സരം കഴിഞ്ഞ രണ്ടു മത്സരങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ്. സമ്മർദ്ദം കുറവാണെങ്കിലും അഭിനിവേശവും പ്രചോദനവും ഇന്ത്യക്ക് ഒട്ടും കുറവല്ല. ആദ്യ മിനുട്ടു മുതൽ അഫ്‌ഗാനിസ്ഥാനെതിരെ ചെയ്‌തത്‌ ഈ മത്സരത്തിലും കാഴ്‌ച വെക്കണം." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ സ്റ്റിമാക്ക് പറഞ്ഞു.

"ഞങ്ങളിനി ഏതൊരു മത്സരത്തിൽ കളിക്കുമ്പോഴും അഫ്‌ഗാനിസ്ഥാനെതിരെ കാഴ്‌ച വെച്ച മനോഭാവവും ആവേശവും തീവ്രതയും കളിക്കാരെ ഓർമിപ്പിക്കും. കടുവയുടെ കരുത്തോടെ ഇന്ത്യ കളിച്ച മത്സരം ഓരോ തവണയും ഓർമിക്കപ്പെടണം. കടുവകളെപ്പോലെ കളിക്കളത്തിലേക്കു വന്ന്, ആ മനോഭാവം കാണിച്ച് ഞങ്ങൾക്ക് പൊരുതാനുള്ള കരുത്തുണ്ടെന്ന് എല്ലാവർക്കും കാണിച്ചു കൊടുക്കണം, ഏതൊരു എതിരാളിയാണെങ്കിലും." ക്രൊയേഷ്യൻ താരം പറഞ്ഞു.

ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരിപൂർണമായ ആത്മവിശ്വാസത്തോടെയാണ് ഹോങ്‌കോങ്ങിനെതിരെ ഇറങ്ങുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30നാണു മത്സരം ആരംഭിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit