Football in Malayalam

'മത്സരത്തിൽ ആധിപത്യമുണ്ടായിട്ടും ഇന്ത്യ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തിയില്ല' - സമനിലയോട് പ്രതികരിച്ച് സ്റ്റിമാക്ക്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

സാഫ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ നിരാശപ്പെടുത്തുന്ന സമനില വഴങ്ങിയതിൽ പ്രതികരണവുമായി പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ആദ്യപകുതിയിൽ തന്നെ സുനിൽ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യക്ക് ഒരു ബംഗ്ലാദേശ് താരം രണ്ടാം പകുതിയിൽ ചുവപ്പുകാർഡ് നേടിയതിനെ തുടർന്ന് വമ്പൻ വിജയം സ്വന്തമാക്കാൻ അവസരമുണ്ടായിട്ടും അതു സമർത്ഥമായി ഉപയോഗിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബംഗ്ലാദേശ് സമനില നേടിയെടുക്കുകയായിരുന്നു.

"മത്സരം വിജയിക്കാൻ കഴിയാതിരുന്നതിനു ഞങ്ങൾ തന്നെയാണ് കുറ്റക്കാർ. എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു, ഞങ്ങൾ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു, ഒരു ഗോൾ നേടി ലീഡ് എടുക്കുകയും ഒരു കളിക്കാരൻ അധികമുള്ളതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്‌തു. എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ ഞങ്ങൾ സിമ്പിൾ പാസുകൾ വരെ എതിരാളികൾക്ക് നൽകാനും അനാവശ്യമായ പിഴവുകൾ വരുത്താനും ആരംഭിച്ചു."

"എതിരാളികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്‌താൽ അതവർ മുതലെടുക്കും. യുക്തിപരമായി കളിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഇന്നത്തെ മത്സരത്തിൽ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നത്. വളരെ പരിചയസമ്പന്നമായ ഒരു ടീമായിരുന്നു ഇതെങ്കിലും അവർക്കത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ആ അർത്ഥത്തിൽ ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു."

താരങ്ങൾ എഴുപത്തിയഞ്ചു മിനുട്ടു വരെ മികച്ച ഫുട്ബോൾ കളിച്ചുവെന്ന കാര്യം പറയേണ്ടതാണ്. മികച്ച പാസുകൾ നൽകി, അപകടകരമായ നീക്കങ്ങൾ നടത്തി പുരോഗതിയുള്ള ഫുട്ബോളാണ് അവർ കളിച്ചത്. എന്നാൽ പതിനഞ്ചു മിനുട്ടിൽ, അത് ഒത്തിണക്കം നഷ്‌ടപ്പെട്ടാൽ വലിയൊരു സമയമാണ്, ഒരുപാട് ബോളുകൾ എതിരാളികൾക്കു നൽകുകയും പിഴവുകൾ വരുത്തുകയും ചെയ്‌തു. അതിൽ മെച്ചപ്പെട്ടാൽ ടീം ശരിയാകും," സ്റ്റിമാക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ചാമ്പ്യൻഷിപ്പിലെ ആദ്യത്തെ വിജയം പ്രതീക്ഷിച്ച് ഒക്ടോബർ ഏഴിനു ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ ഇറങ്ങാനിരിക്കുന്നത്. അതിനു ശേഷം ഒക്ടോബർ 10, 13 തീയതികളിൽ യഥാക്രമം നേപ്പാൾ, മാലിദ്വീപ് എന്നിവരെ ഇന്ത്യ നേരിടും.


facebooktwitterreddit