ലോകകപ്പ് യോഗ്യത നേടാൻ ഇന്ത്യൻ ഫുട്ബോളിൽ ചെയ്യേണ്ടതെന്തെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പറയുന്നു

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/GettyImages
facebooktwitterreddit

ആഭ്യന്തര ലീഗുകളുടെ സീസൺ കൂടുതൽ ദൈർഘ്യം വരുന്നത് ഇന്ത്യൻ ഫുട്ബോളിലെ സാങ്കേതികവും കായികവുമായ വശങ്ങളെ മെച്ചപ്പെടുത്തുമെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ലോകകപ്പ് യോഗ്യത നേടാനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുന്നോട്ടുപോക്കിനെ ഇതു വളരെയധികം സഹായിക്കുമെന്ന അഭിപ്രായവും സ്റ്റിമാക്ക് പ്രകടിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന അഭിപ്രായം പ്രകടിപ്പിച്ച സ്റ്റിമാക്ക് കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ടൂർണമെന്റ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഏറ്റവും മികച്ച രീതിയിൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

"മഹാമാരി കടന്നു പോയിക്കൊണ്ടിരിക്കെ നമുക്ക് എട്ടോ ഒൻപതോ മാസം നീണ്ടു നിൽക്കുന്ന ഒരു സീസൺ ഉണ്ടാകുമെന്ന് പ്രതീക്ഷ വെക്കാൻ കഴിയില്ല. കഴിഞ്ഞ ഐഎസ്എൽ സീസൺ ഓഗസ്റ്റിൽ ആരംഭിച്ച് മെയിൽ അവസാനിക്കേണ്ടതായിരുന്നു. അത് വളരെ മനോഹരമായിരുന്നേനെ."

"താരങ്ങൾ ഓഫ് സീസണിൽ നാഷണൽ ടീമിലേക്കു വരുന്നത് വലിയ കാര്യമല്ല. അവരുടെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നതിനാൽ ടീമിന്റെ തന്ത്രങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ല. ഇതു പെട്ടന്നു തന്നെ മാറി മറ്റു രാജ്യങ്ങളിൽ ഉള്ളതു പോലെ സാധാരണ സീസൺ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സ്റ്റിമാക്ക് പറഞ്ഞു.

വളരെ സുദീർഘമായൊരു പ്രക്രിയയിലൂടെ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്ന ചൈനയെപ്പോലെ അക്കാദമികളിലൂടെയും ധാരാളം പണം മുടക്കിയും മാത്രമേ ഇന്ത്യക്കും ഫുട്ബാളിൽ വളരാൻ കഴിയൂവെന്നും സ്റ്റിമാക്ക് പറഞ്ഞു. അഞ്ചു മില്യനോളം കുട്ടികളെ വളരെ ഘടനാപരമായി വിദേശകോച്ചുകൾക്കു കീഴിൽ വളർത്തിയെടുക്കുന്ന ചൈന ഇപ്പോഴും ലോകകപ്പിനു യോഗ്യത നേടാൻ വേണ്ടി പൊരുതുമ്പോൾ അതിനെക്കുറിച്ച് സ്വപ്നം കാണുന്ന ഇന്ത്യക്ക് കൂടുതൽ കൃത്യമായ ഒരു പദ്ധതി വേണമെന്ന് സ്റ്റിമാക്ക് വ്യക്തമാക്കി.


facebooktwitterreddit