Indian Football

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രണ്ടു മലയാളി താരങ്ങൾ ഇടം നേടി

Sreejith N
FBL-ASIA-2019-IND-BHR
FBL-ASIA-2019-IND-BHR / KARIM SAHIB/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ദോഹയിലേക്കു തിരിക്കുന്ന 28 അംഗ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. 2022ൽ ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിനും 2023ൽ ചൈനയിൽ വെച്ചു നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ക്വാളിഫയറിലും ഇടം നേടാൻ വേണ്ടി നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്റ്റിമാക് പ്രഖ്യാപിച്ചത്.

കോവിഡ് അണുബാധയേറ്റതു മൂലം ഒമാൻ, യുഎഇ എന്നിവർക്കെതിരായ കഴിഞ്ഞ മത്സരങ്ങൾ നഷ്‌ടമായ സുനിൽ ഛേത്രി ടീമിലിടം നേടിയിട്ടുണ്ട്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരും ഇരുപത്തിയെട്ടംഗ ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജൂൺ 3നു കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്ത മത്സരം നടക്കുക.

മെയ് 15 മുതൽ ഡൽഹിയിൽ ബയോ ബബിളിൽ തുടരുന്ന താരങ്ങൾ യാത്രയുടെ നാല്പത്തിയെട്ടു മണിക്കൂർ മുൻപെടുത്ത നെഗറ്റിവ് പിസിആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. കോവിഡ് മഹാമാരി വ്യാപിച്ചതു മൂലം പരിശീലനക്യാമ്പ് വൈകി തുടങ്ങിയതും ദുബായിൽ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമെല്ലാം കൊണ്ട് ഉചിതമായ സാഹചര്യത്തിലല്ല ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നതെന്ന് പരിശീലകൻ പറഞ്ഞു.

ജൂൺ 3നു രാത്രി ഇന്ത്യൻ സമയം 10.30നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം നടക്കുന്നത്. അതിനു ശേഷം ജൂൺ 7ന് രാത്രി 7.30ന് ബംഗ്ലാദേശിനെയും ജൂൺ 15നു രാത്രി 7.30നു അഫ്‌ഗാനിസ്ഥാനെയും ഇന്ത്യ നേരിടും.

ഇന്ത്യൻ ടീമിന്റെ ഇരുപത്തിയെട്ടംഗ സ്‌ക്വാഡ്:

ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്

ഡിഫെൻഡേർസ്: പ്രീതം കോട്ടൽ, രാഹുൽ ഭേക്കെ, നരേന്ദർ ഗെലോത്, ചിൻഗ്ലെൻസന സിങ്, സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുബാഷിഷ് ബോസ്

മിഡ്‌ഫീൽഡർമാർ: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കോളാകോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാൾഡർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൽ സമദ്, യാസിർ മൊഹമ്മദ്, ലാലിൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിഖ് കുരുണിയൻ

ഫോർവേഡ്‌സ്: ഇഷാൻ പാണ്ടിയ, സുനിൽ ഛേത്രി, മൻവീർ സിംഗ്

facebooktwitterreddit