മാലിദ്വീപ് എങ്ങിനെ കളിക്കണമെന്നു തീരുമാനിക്കാൻ ഇന്ത്യക്ക് കഴിയും, നിർണായക പോരാട്ടത്തെക്കുറിച്ച് ഇഗോർ സ്റ്റിമാക്ക്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/GettyImages
facebooktwitterreddit

2021 സാഫ് ചാമ്പ്യൻഷിപ്പിലെ നിർണായക പോരാട്ടത്തിൽ മാലിദ്വീപിനെ നേരിടാൻ ഇന്ത്യ ഒരുങ്ങിയിരിക്കെ ആതിഥേയർ എങ്ങിനെ കളിക്കണമെന്നത് ഇന്ത്യൻ താരങ്ങളുടെ കയ്യിലാണുള്ളതെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. സാഫ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇന്ത്യ ഫൈനലിൽ ഇടം പിടിക്കാതിരുന്നിട്ടുള്ളൂ. ഇന്നു രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ സമനിലയോ തോൽവിയോ വഴങ്ങിയാൽ 2003ലുണ്ടായ തിരിച്ചടി ഇത്തവണയും ഇന്ത്യക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

"ഒരു ടീമിനു മാത്രമേ ഫൈനലിൽ എത്താൻ കഴിയൂ, സമനില മാത്രം മതിയെന്നിരിക്കെ സാഹചര്യം മാലിദ്വീപിന്‌ അനുകൂലമാണ്. അതുകൊണ്ടു തന്നെ മത്സരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യം വളരെ വ്യക്തമാണ്. തുടക്കം മുതൽ തന്നെ നമ്മൾ വിജയത്തിനു വേണ്ടിയാണ് പോരാടേണ്ടത്. മത്സരത്തെ ആ രീതിയിൽ തന്നെ സമീപിക്കണം എന്നതാണു ഞങ്ങളുടെ ലക്ഷ്യം."

"ഒരു വശത്ത് അഷ്‌ഫാക്, മറുവശത്ത് സുനിൽ ഛേത്രി എന്നിങ്ങനെ മഹത്തായ രണ്ടു മുതിർന്ന താരങ്ങൾ ടീമിനൊപ്പമുണ്ട്. രണ്ടു പേരും കളിക്കുന്നതു കാണാൻ തന്നെ വളരെ സന്തോഷമാണ്. മാലിദ്വീപ് ടീം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, അവർ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കുന്നു, അഷ്‌ഫാകും മറ്റു താരങ്ങളും തമ്മിൽ നല്ല ഒത്തിണക്കവുമുണ്ട്."

"നമ്മൾ അവരെ എത്രത്തോളം കളിക്കാനനുവദിക്കും എന്നതിനെ ആശ്രയിച്ചാണ് അവർ കളിക്കുക. ഞാൻ പ്രതീക്ഷിക്കുന്നത് പ്രതിരോധനിര നിറവേറ്റിയാൽ മാലിദ്വീപിന്‌ ഒന്നും ചെയ്യാൻ കഴിയില്ല." സ്റ്റിമാക് മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ഇതുവരെ ടൂർണമെന്റിൽ മൂന്നു മത്സരങ്ങളാണ് ഇന്ത്യ പൂർത്തിയാക്കിയത്. അതിൽ നേപ്പാളിനെതിരെ മാത്രം വിജയം നേടിയപ്പോൾ ബംഗ്ലാദേശിനും ശ്രീലങ്കക്കുമെതിരെ ടീം സമനില വഴങ്ങി. അഞ്ചു പോയിന്റ് മാത്രം സ്വന്തമായുള്ള ടീമിന് ഇന്ന് രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ഈ വർഷത്തെ ഫൈനൽ പോരാട്ടത്തിൽ കളിക്കാൻ കഴിയൂ.

facebooktwitterreddit