Football in Malayalam

90Min Exclusive: മെസി അമേരിക്കൻ ലീഗിലെത്തിയാൽ അദ്ദേഹത്തിന്റെ കാലുകളിൽ ചുംബിക്കുമെന്ന് മുൻ അർജന്റീന താരം

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ ഭാവിയെ സംബന്ധിച്ചുള്ള ചർച്ചകളാൽ സജീവമാണ് ഫുട്ബോൾ ലോകം. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ബാഴ്‌സലോണ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിക്കുമെന്നിരിക്കെ താരം ക്ലബ് വിടാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. മെസി ബാഴ്‌സ വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബുകളും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബാഴ്‌സ വിട്ടാലും മെസി യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യതയെങ്കിലും എംഎൽഎസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും മെസിയെ ചേർത്ത് ഉയരുന്നുണ്ട്. ഇതിനിടയിൽ ബാഴ്‌സലോണ നായകനെ എംഎൽഎസിലേക്ക് ക്ഷണിച്ച് മുൻ അർജന്റീന താരവും അമേരിക്കൻ ലീഗിൽ എഫ്‌സി ഡള്ളാസിന്റെ കളിക്കാരനുമായ ഫ്രാങ്കോ ജാറ രംഗത്തെത്തി. മെസി അമേരിക്കയിലെത്തിയാൽ അദ്ദേഹത്തിന്റെ കാലിൽ താൻ ചുംബിക്കുമെന്നു പറഞ്ഞ ജാറ, സ്വതന്ത്രമായ ജീവിതം അമേരിക്കയിൽ താരങ്ങൾക്ക് സാധ്യമാണെന്നും പറഞ്ഞു.

"മെസി എംഎൽഎസിൽ കളിക്കാനെത്തുകയാണെങ്കിൽ ഞാനദ്ദേഹത്തിന്റെ കാലുകളിൽ ചുംബിക്കും. ഭ്രാന്തവും ഉന്മാദം സൃഷ്ടിക്കുന്നതുമായ അനുഭവമായിരിക്കുമത്. എന്റെ കരിയറിൽ ദേശീയ ടീമിലുണ്ടാകുമ്പോൾ എനിക്ക് ഇതുപോലെയുള്ള താരങ്ങൾക്കൊപ്പം കളിക്കളം പങ്കിടാനുള്ള അവസരമുണ്ടായിട്ടുണ്ട്. എന്നാൽ അവർക്കു നേരെ മുഖാമുഖം നിൽക്കുകയെന്നത് തീർത്തും വ്യത്യസ്‌തമായ അനുഭവമായിരിക്കും," ജാറ 90Minനോട് പറഞ്ഞു.

"സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഹിഗ്വയ്ൻ എന്നിവരെത്തിയ എംഎൽസിൽ മെസിക്കും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെസിയെപ്പോലെതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഫുട്ബോളിന് പുറത്ത് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയും. എനിക്കും നിങ്ങൾക്കുമെല്ലാം പുറത്തു പോയി ഭക്ഷണം കഴിക്കാൻ, സിനിമക്ക് പോകാൻ, സൂപ്പർമാർക്കറ്റിൽ പോകാനെല്ലാം ഇഷ്ടമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് അതെല്ലാം വാഗ്‌ദാനം ചെയ്യുന്നു."

എംഎൽഎസിലേക്ക് മെസി ചേക്കേറാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും താരം ട്രാൻസ്‌ഫർ പരിഗണിക്കുകയാണെങ്കിൽ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലെത്താനാണ് സാധ്യത. അമേരിക്ക മനോഹരമായ രാജ്യമാണെന്നും അവിടെ കളിക്കാൻ താൽപര്യമുണ്ടെന്നും മെസി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

facebooktwitterreddit