Football in Malayalam

33 കാരനായ റൊണാൾഡോയെ വൻ തുകയ്ക്ക് ടീമിലെത്തിക്കാമെങ്കിൽ ഹാലൻഡിനെയും അനായാസം യുവന്റസിന് സ്വന്തമാക്കാമെന്ന് കസ്കാറിനോ

Gokul Manthara
Apr 8, 2021, 12:29 AM GMT+5:30
Borussia Dortmund v Borussia Moenchengladbach - Bundesliga
Borussia Dortmund v Borussia Moenchengladbach - Bundesliga | Dean Mouhtaropoulos/Getty Images
facebooktwitterreddit

33-ം വയസിൽ 99 മില്ല്യൺ പൗണ്ടെന്ന വമ്പൻ തുകയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ യുവന്റസിന് ലോക ഫുട്ബോളിലെ യുവ സെൻസേഷനായ എർലിംഗ് ഹാലൻഡിനെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടാകുമെന്ന് മുൻ ചെൽസി താരമായ‌ ടോണി കസ്കാറിനോ. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിലൊരാളായിരിക്കുമെന്ന് കരുതപ്പെടുന്ന ഹാലൻഡിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ യുവന്റസിനും മികച്ച സാധ്യതകളുണ്ടെന്ന് കസ്കാറിനോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

33 വയസെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 99 മില്ല്യൺ പൗണ്ടിന് വാങ്ങിയ യുവന്റസിന് 100 മില്ല്യൺ പൗണ്ട് വിലമതിക്കുന്ന ഹാലൻഡിനെയും ടീമിലെത്തിക്കാൻ കഴിയുമെന്ന് പറയുന്ന കസ്കാറിനോ, യുവന്റസിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വളരെ മികച്ചതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. യുവന്റസിന്റെ ഇപ്പോളത്തെ പ്രധാന താരമായ റൊണാൾഡോക്ക് പ്രായം 36 പിന്നിട്ടതിനാൽ ഉറപ്പായും അവർ ഹാലൻഡിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും ടോക്സ്പോർട്ടിനോട് സംസാരിക്കവെ മുൻ ഐറിഷ് താരമായിരുന്ന കസ്കാറിനോ ചൂണ്ടിക്കാട്ടി.

1980 കളിലേത് പോലെ വൻ തുക കളികാർക്ക് മുടക്കാൻ തയ്യാറാകുന്ന യുവന്റസിനെയാണ് ഇനി കാണാൻ പോകുന്നതെന്ന് കസ്കാറിനോ പറയുന്നു. ചാമ്പ്യൻസ് ലീഗിലെ അതിശക്തമായ ടീമായി അഞ്ച് വർഷത്തിനുള്ളിൽ യുവന്റസ് മാറുമെന്നും എന്നാൽ ഈ വർഷം അവരെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നുവെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

"റൊണാൾഡോ ഇപ്പോളും യുവന്റസിലുണ്ട്. അദ്ദേഹം അടുത്ത വർഷവും അവിടെയുണ്ടാകുമെന്ന് ക്ലബ്ബ് പറയുന്നു. റൊണാൾഡോയ്ക്ക് 36 വയസായി അതിനാൽ യുവന്റസ് ഉറപ്പായും ഹാലൻഡിനായി രംഗത്തുണ്ടാകും. " മുൻ ചെൽസി താരം പറഞ്ഞു നിർത്തി.

അതേ സമയം നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് എർലിംഗ് ഹാലൻഡ്. ജെർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഈ സീസണിൽ മിന്നും പ്രകടനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന ഹാലൻഡ് ഇക്കുറി ഇതു വരെ കളിച്ച 33 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ ഗോളുകളും 9 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.

facebooktwitterreddit