Football in Malayalam

താൻ ഈ സമ്മറിൽ പിഎസ്‌ജി വിട്ടിരുന്നെങ്കിൽ അത് റയൽ മാഡ്രിഡിന് വേണ്ടി മാത്രമായിരുന്നേനെ; വെളിപ്പെടുത്തലുമായി എംബാപ്പെ

Rennes v Paris Saint Germain - Ligue 1 Uber Eats
Rennes v Paris Saint Germain - Ligue 1 Uber Eats / Catherine Steenkeste/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താൻ പിഎസ്‌ജി വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ‌‌. സമ്മറിൽ പിഎസ്‌ജി വിട്ടിരുന്നുവെങ്കിലും അത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ മാത്രമായിരുന്നേനേയെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എൽ'എക്വിപ്പെ, ആർഎംസി എന്നീ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംബാപ്പെയുടെ ഈ വെളിപ്പെടുത്തൽ.

പിഎസ്‌ജിക്ക് വേണ്ടി താൻ എല്ലാം നൽകി പോരാടിയെന്നും, മികച്ച രീതിയിൽ കളിച്ചുവെന്നും വ്യക്തമാക്കുന്ന എംബാപ്പെ പുതിയ സാഹസങ്ങൾക്കായി ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന സൂചനകളാണ് നൽകുന്നത്.

"ഞാൻ ഈ സമ്മറിൽ പിഎസ് ജി വിട്ടിരുന്നെങ്കിൽ അത് റയൽ മാഡ്രിഡിന് വേണ്ടി മാത്രമായിരുന്നേനെ "

കെയ്ലിൻ എംബാപ്പെ

"ഇവിടെ (പിഎസ്‌ജിയിൽ) എന്റെ സാഹസികത അവസാനിച്ചുവെന്ന് ഞാൻ കരുതി. എനിക്ക് മറ്റ് ചില കാര്യങ്ങൾ വേണ്ടിയിരുന്നു. ഞാൻ ആറേഴ് വർഷമായി ലീഗ് വണിൽ ഉണ്ട്‌. ഞാൻ പാരീസിന് വേണ്ടി എന്റെ എല്ലാം നൽകി, നന്നായി കളിച്ചു. അതായിരുന്നു എന്റെ ചിന്ത. ക്ലബ്ബ് വിടുകയെന്നത് യുക്തിസഹമായ നടപടിയായിരുന്നു," എംബാപ്പെ പറഞ്ഞു.

അതേ സമയം, ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ മൂന്നോളം വ്യത്യസ്ത ഓഫറുകൾ താരത്തിനായി റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഫ്രഞ്ച് വമ്പന്മാർ അതെല്ലാം നിഷേധിക്കുകയായിരുന്നു. 2022 ജൂൺ വരെയാണ് എംബാപ്പെക്ക് പിഎസ് ജിയുമായി കരാർ ഉള്ളത്. ഇത് കൊണ്ടു തന്നെ അടുത്ത വർഷം ഫ്രീ ഏജന്റാവുന്ന താരം സൗജന്യ ട്രാൻസ്ഫറിൽ റയലിലേക്കെത്താനുള്ള സാധ്യതകൾ വളരെക്കൂടുതലാണ്.


facebooktwitterreddit