മഴവിൽ നിറമുള്ള ജേഴ്സിയണിയാൻ കഴിയില്ല, മത്സരം തന്നെ ഒഴിവാക്കി പിഎസ്ജി താരം


എൽജിബിടിക്യു സമൂഹത്തിനു പിന്തുണയറിയിക്കുന്ന മഴവിൽ നിറങ്ങൾ ജേഴ്സിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ മധ്യനിര താരം ഇഡ്രിസ ഗുയെ കളിക്കാതിരുന്നതെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ലീഗിൽ മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിലാണ് താരം ഇക്കാരണം കൊണ്ട് കളിക്കാതിരുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് നടന്ന മത്സരം ഇക്കാരണം കൊണ്ടു തന്നെ താരം ഒഴിവാക്കിയെന്നും ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മെയ് 17 ഹോമോഫാബിയ, ബൈഫോബിയ, ട്രാൻസ്ഫോബിയ എന്നിവക്കെതിരെയുള്ള ദിവസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് എൽജിബിടിക്യു സമൂഹത്തിനു പിന്തുണ നൽകി പിഎസ്ജിയടക്കമുള്ള ഫ്രഞ്ച് ടീമുകൾ ജേഴ്സിക്കു പിന്നിലെ നമ്പറിലെ നിറങ്ങൾ മഴവിൽ വർണത്തിലേക്കു മാറ്റിയത്. എന്നാൽ ആ ജേഴ്സി അണിയാൻ കഴിയില്ലെന്നു പറഞ്ഞ് ഗുയെ മത്സരത്തിൽ നിന്നും പിൻമാറുകയായിരുന്നു.
? Reports in France claim that Idrissa Gueye missed the PSG game because he refused to wear the rainbow flag on his kit, the symbol of the LGBTQ+ community. pic.twitter.com/qe1KYwylwt
— SPORTbible (@sportbible) May 16, 2022
ഗുയെ മത്സരത്തിൽ കളിക്കാതിരുന്നതിന്റെ കാരണം പരിക്കല്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണെന്നും പരിശീലകൻ പോച്ചട്ടിനോ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണെന്നും കഴിഞ്ഞ സീസണിൽ ഇതേ സമയത്തു നടന്ന മത്സരം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മൂലം ഗുയെക്ക് നഷ്ടമായതിനു പിന്നിലും ഇതേ പ്രശ്നം തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുപ്പത്തിരണ്ടുകാരനായ ഗുയെ മുസ്ലിം മതവിശ്വാസിയാണ്, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്. ചില ഇസ്ലാമിക് രാജ്യങ്ങളിൽ സ്വവർഗരതി മരണം വരെ കിട്ടാവുന്ന കുറ്റമാണ്. ഗുയെയുടെ നാടായ സെനഗലിൽ അഞ്ചു വർഷം വരെ തടവ് സ്വവർഗരതി കണ്ടെത്തിയാൽ ലഭിക്കുമെന്നിരിക്കെ അതെ വിശ്വാസം തന്നെയാണ് താരവും പിന്തുടരുന്നത്.
ഫ്രാൻസിൽ എൽജിബിടിക്യു സമൂഹത്തിന് എതിരായ കുറ്റകൃത്യം 28 ശതമാനം വർധിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതിന്റെ കൂടി ഭാഗമായാണ് അവർക്ക് പിന്തുണ നൽകാൻ ഫ്രാൻസിലെ ടീമുകൾ ജേഴ്സി ഉപയോഗിച്ചത്. 3790 കേസുകളാണ് ഫ്രഞ്ച് പോലീസ് കഴിഞ്ഞ വർഷം ഇതിന്റെ ഭാഗമായി മാത്രം രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.