Football in Malayalam

ടീമിൽ മെസിയുണ്ടാകാൻ ഇപ്പോളും ആഗ്രഹിക്കുന്നു, ബാഴ്സലോണയുടെ കളി ഇനി കൂടുതൽ സംഘടിതമായിരിക്കുമെന്നും റൊണാൾഡ് കൂമാൻ

Gokul Manthara
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി ക്ലബ്ബ് വിട്ടെങ്കിലും ബാഴ്സലോണയുടെ ഭാവിയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ റൊണാൾഡ് കൂമാൻ. ടീമിന്റെ കളി ഇനി മുൻപത്തേക്കാൾ സംഘടിതമായിരിക്കുമെന്ന് താൻ കരുതുന്നതായി ചൂണ്ടിക്കാട്ടിയ കൂമാൻ, പക്ഷേ മെസി ടീമിലുണ്ടായിരിക്കാൻ താൻ ഇപ്പോളും ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു. 2020-21 സീസൺ ലാലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ സോസിദാദിനെ പരാജയപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു‌ കറ്റാലൻ ക്ലബ്ബിന്റെ പരിശീലകൻ.

"ഞങ്ങളുടെ കളി മുൻപത്തേക്കാൾ സംഘടിതമായിരിക്കുമെന്ന് ഞാൻ കരുതുന്നു‌. എന്നാൽ എന്റെ ടീമിൽ മെസിയുണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അദ്ദേഹമില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സംഘടിതമാകണം." കൂമാൻ പറഞ്ഞു.

റയൽ സോസിദാദിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മെംഫിസ് ഡീപേ, മാർട്ടിൻബ്രാത്ത് വൈറ്റ് എന്നിവരെ പ്രശംസിക്കാനും മത്സരശേഷം കൂമാൻ മറന്നില്ല. ഡീപേ മികച്ച രീതിയിൽ കളിച്ചുവെന്നും മികച്ചൊരു അസിസ്റ്റ് നൽകിയെന്നും ചൂണ്ടിക്കാട്ടിയ ബാഴ്സലോണ പരിശീലകൻ എല്ലായ്പ്പോളും ടീമിന് വേണ്ട കാര്യങ്ങൾ ചെയ്യുന്ന കളികാരനാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.

"എല്ലായ്പ്പോളും ടീമിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം.തന്റെ കളിയും അദ്ദേഹം മെച്ചപ്പെടുത്തിയിട്ടുണ്ട്. മികച്ച വേഗതയുള്ള അദ്ദേഹത്തെ തടഞ്ഞു നിർത്തുക പ്രയാസമാണ്. അദ്ദേഹത്തെപ്പോലൊരു കളികാരനെ ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്." മാർട്ടിൻ ബ്രാത്ത്വൈറ്റിനെക്കുറിച്ച് കൂമാൻ പറഞ്ഞു.

അതേ സമയം റയൽ സോസിദാദിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ അടിച്ചു കൂട്ടി യായിരുന്നു ബാഴ്സലോണ വിജയം കണ്ടത്. ഇരട്ട ഗോളുകളുമായി മാർട്ടിൻ ബ്രാത്ത്വൈറ്റ് തിളങ്ങിയ മത്സരത്തിൽ ജെറാഡ് പിക്വെ, സെർജി റോബർട്ടോ എന്നിവരുടെ വകയായിരുന്നു ബാഴ്സലോണയുടെ മറ്റ് ഗോളുകൾ. അതേ സമയം സിയൻ ഫ്യൂഗോസ്, ഒയർസബാൽ എന്നിവരാണ് എതിരാളികൾക്കായി ഗോളുകൾ മടക്കിയത്.

facebooktwitterreddit