Football in Malayalam

പോച്ചട്ടിനോയുടെ വാക്കുകൾ ശരിയെന്നു തെളിയിച്ച് ഇകാർഡി, പിഎസ്‌ജിയെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത് അർജന്റീന താരം

Sreejith N
FBL-FRA-LIGUE1-LORIENT-PSG
FBL-FRA-LIGUE1-LORIENT-PSG / SEBASTIEN SALOM-GOMIS/GettyImages
facebooktwitterreddit

നെയ്‌മറും എംബാപ്പയുമില്ലാതെ ലോറിയന്റിനെതിരെ പിഎസ്‌ജി ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപേ മെസിക്കൊപ്പം ഇകാർഡിയെ കളിപ്പിക്കുന്നതിനെ പറ്റിയും അർജന്റീനിയൻ സ്‌ട്രൈക്കറുടെ പിഎസ്‌ജിയിലെ ഭാവിയെ സംബന്ധിച്ചുമെല്ലാം പോച്ചട്ടിനോയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. മുന്നേറ്റനിരയിൽ ഇപ്പോഴും അപകടം സൃഷ്‌ടിക്കാൻ കഴിയുന്ന ഇകാർഡിയെ പോലൊരു താരത്തെ ഏതൊരു ടീമിനും ആവശ്യമുണ്ടെന്നാണ് അതേക്കുറിച്ച് പോച്ചട്ടിനോ മറുപടി പറഞ്ഞത്.

പോച്ചട്ടിനോ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് മത്സരത്തിനു ശേഷം തെളിയിക്കാൻ ഇകാർഡിക്കു കഴിഞ്ഞു. അവസാന മിനുട്ടുകൾ വരെയും ഒരു ഗോളിനു പിന്നിൽ നിന്നിരുന്ന പിഎസ്‌ജിക്ക് ഇഞ്ചുറി ടൈമിൽ ഇകാർഡിയാണ് സമനില നേടിക്കൊടുത്തത്. മൊറോക്കൻ താരം അഷ്‌റഫ് ഹക്കിമിയുടെ പാസിൽ നിന്നായിരുന്നു ഇകാർഡിയുടെ ഗോൾ പിറന്നത്.

മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിനു ചുവപ്പുകാർഡ് ലഭിച്ചതായിരുന്നു മത്സരത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവം.രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരാക്കാരനായി ഇറങ്ങിയ സെർജിയോ റാമോസ് അഞ്ചു മിനുറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് എൺപത്തിയാറാം മിനുട്ടിൽ കളിക്കളത്തിൽ നിന്നും പുറത്തു പോകേണ്ടി വന്നത്. പിഎസ്‌ജിക്കു വേണ്ടി 130 മിനുട്ടുകൾ മാത്രം ലീഗിൽ കളിച്ചാണ് താരം ആദ്യത്തെ ചുവപ്പുകാർഡ് വാങ്ങിയത്.

നെയ്‌മർ, എംബാപ്പെ എന്നിവരുടെ അഭാവത്തിൽ പിഎസ്‌ജി മുന്നേറ്റനിരയെ നയിച്ച ലയണൽ മെസിക്ക് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞെങ്കിലും ഗോളുകൾ നേടാനും ടീമിന് വിജയം നേടിക്കൊടുക്കാനും കഴിഞ്ഞില്ല. എന്നാൽ പിഎസ്‌ജിയിൽ താരം കൂടുതൽ ധാരണയോടെ കളിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മത്സരം വ്യക്തമാക്കി തരുന്നു. മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള നീഷുമായി പതിമൂന്നു പോയിന്റ് വ്യത്യാസത്തിൽ പിഎസ്‌ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit