Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാധാരണ യൂറോപ്യൻ ഗോൾ റെക്കോർഡിനൊപ്പമെത്തി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Sreejith N
AS Roma v AC Milan - Serie A
AS Roma v AC Milan - Serie A / Giampiero Sposito/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള അസാധാരണ ഗോൾ റെക്കോർഡിനൊപ്പമെത്തി എസി മിലാൻ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ ദിവസം നടന്ന സീരി എ മത്സരത്തിൽ വേനേസിയക്കെതിരെ നേടിയ ഗോളിലാണ് ഇബ്രാഹിമോവിച്ച് ഇതുവരെ പോർച്ചുഗീസ് താരത്തിനു മാത്രം സ്വന്തമായിരുന്ന റെക്കോർഡ് തന്റെ പേരിൽ കൂടിയാക്കിയത്.

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇബ്രാഹിമോവിച്ച് തന്റെ നാൽപതാം വയസിലും കളിക്കളത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. 2020 ജനുവരിയിൽ എസി മിലാൻ തിരികെയെത്തിച്ച താരം അതിനു ശേഷം ക്ലബിനു വേണ്ടി മുപ്പത്തിയാറു ഗോളുകൾ നേടിയപ്പോൾ അതിലെ അവസാനത്തെ ഗോൾ വെനീസിയയുമായി നടന്ന മത്സരത്തിലായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ നേടിയ ഗോളോടെ യൂറോപ്പിലെ എൺപതു വ്യത്യസ്‌ത ക്ലബുകൾക്കെതിരെ ഗോൾ കണ്ടെത്തിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിന്റെ ഒപ്പമാണ് സ്ലാട്ടൻ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതിനു ശേഷം ഡിസംബറിൽ ബേൺലിക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളിലായിരുന്നു റൊണാൾഡോ ഈ റെക്കോർഡ് സ്വന്തമാക്കിയത്.

അതേസമയം അടുത്ത മത്സരത്തിലൂടെ തന്നെ ഈ റെക്കോർഡിൽ റൊണാൾഡോയുടെ മുന്നിലെത്താൻ ഇബ്രാഹിമോവിച്ചിന് അനുവാദമുണ്ട്. കോപ്പ ഇറ്റാലിയ മത്സരത്തിൽ ജെനോവക്കെതിരെ ഗോൾ നേടാൻ താരത്തിനായാൽ 81 വ്യത്യസ്‍ത ടീമുകൾക്കെതിരെ ഗോളെന്ന റെക്കോർഡാണ് സ്ലാട്ടനെ കാത്തിരിക്കുന്നത്. എന്നാൽ സ്ലാട്ടനെക്കാൾ കരിയർ ബാക്കിയുള്ളതിനാൽ റൊണാൾഡോ അതിനെ മറികടക്കുമെന്നുറപ്പാണ്.

മാൽമോയിലൂടെ കരിയർ ആരംഭിച്ച ഇബ്രാഹിമോവിച്ച് യൂറോപ്യൻ ക്ലബുകളായ അയാക്‌സ്, യുവന്റസ്, ഇന്റർ മിലാൻ, ബാഴ്‌സലോണ, പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്കും വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിൽ 802 മത്സരങ്ങളിൽ നിന്നും 492 ഗോളുകൾ നേടിയിട്ടുള്ള താരം ഈ സീസണിൽ 13 ലീഗ് മത്സരങ്ങളിൽ നിന്നും എട്ടു തവണയാണ് വല കുലുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit