കഴിവിന്റെ കാര്യത്തിൽ റൊണാൾഡോ, മെസി എന്നിവർക്കൊപ്പം നിൽക്കുന്ന താരമാണു താനെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്


ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം നിൽക്കുന്ന താരമാണു താനെന്ന് സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇരുപത്തിരണ്ടു വർഷത്തോളമായി തുടരുന്ന തന്റെ ഫുട്ബോൾ കരിയറിൽ ഏഴു വ്യത്യസ്ത രാജ്യങ്ങളിൽ കളിച്ച് മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇബ്രാഹിമോവിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമായാണ് താൻ സ്വയം പരിഗണിക്കുന്നതെന്നും വ്യക്തമാക്കി.
"സഹജമായ കഴിവുകളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരെക്കാൾ താഴെയല്ല ഞാൻ. അതേസമയം ട്രോഫികളാണ് സംസാരവിഷയമെങ്കിൽ ഞാൻ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല. നിങ്ങളെങ്ങിനെയാണ് അതു കണക്കാക്കുന്നതെന്ന് എനിക്കറിയില്ല. ഞാനതിനെക്കുറിച്ച് ചിന്തിക്കുന്നുമില്ല. കാരണം ഒറ്റക്കെട്ടായി വിജയങ്ങൾ നേടിയാൽ വ്യക്തികളും അതിനെ പിന്തുടരും." ഫ്രാൻസ് ഫുട്ബോളിനോട് ഇബ്രാഹിമോവിച്ച് പറഞ്ഞു.
Zlatan says Ronaldo and Messi are ahead of him in trophies - but not abilityhttps://t.co/1mOKEU7uB7 pic.twitter.com/Eh1iNLFqyR
— Mirror Football (@MirrorFootball) September 11, 2021
"ഞാൻ ബാലൺ ഡി ഓർ മിസ് ചെയ്യുന്നില്ല. ബാലൺ ഡി ഓർ എന്നെയാണു മിസ് ചെയ്യുന്നത്. ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നാണ് വിശ്വസിക്കുന്നത്. താരങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ഞാൻ വിശ്വസിക്കുന്നില്ല."
"എല്ലാവരും അവരവരുടെ തലമുറകളിലാണ് കളിക്കുന്നത്, വ്യത്യസ്തമായ സഹതാരങ്ങളുടെ ഒപ്പം. അവരെ താരതമ്യം ചെയ്യുക പ്രയാസമാണ്. എല്ലാവർക്കും അവരവരുടേതായ കഥകൾ ഉണ്ടായിരിക്കും, അതിനെ അഭിമുഖീകരിക്കണം," സ്ലാട്ടൻ വ്യക്തമാക്കി.
ദൈർഘ്യമേറിയ തന്റെ പ്രൊഫെഷണൽ കരിയറിൽ എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ്, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നീ ക്ലബുകൾക്കൊപ്പം കിരീടനേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അമേരിക്കൻ സൂപ്പർ ലീഗിലും കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിൽ തന്റെ മുൻ ക്ലബായ എസി മിലാനിലേക്ക് തിരിച്ചെത്തി അവർക്ക് വർഷങ്ങൾക്കു ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.