ഇപ്പോഴത്തെ പിഎസ്‌ജിയൊരു ടീമല്ലെന്ന് ഇബ്രാഹിമോവിച്ച്, മെസിക്ക് മികച്ചൊരു വെല്ലുവിളിയാണ് ഫ്രഞ്ച് ക്ലബെന്നും താരം

Sreejith N
Bologna FC v AC Milan - Serie A
Bologna FC v AC Milan - Serie A / Jonathan Moscrop/GettyImages
facebooktwitterreddit

താൻ കളിച്ചിരുന്ന സമയത്തെ പിഎസ്‌ജിയുമായി താരതമ്യം ചെയ്‌തു നോക്കുമ്പോൾ നിലവിലുള്ള പിഎസ്‌ജിയെ ഒരു ടീമായി കരുതാൻ കഴിയില്ലെന്ന് ക്ലബിന്റെ മുൻ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ടെലിഫൂട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ തന്റെ സാന്നിധ്യം ഉണ്ടായിരുന്നതു കൊണ്ടാണ് പിഎസ്‌ജി ഇപ്പോഴുള്ള അവസ്ഥയിൽ എത്തിയത് എന്നും താരം അഭിപ്രായപ്പെട്ടു.

"പിഎസ്‌ജിയെ പുതിയ ഉടമകൾ വാങ്ങിയപ്പോൾ ആദ്യം അവർ സ്വന്തമാക്കിയ താരം ഞാനായിരുന്നു. എനിക്ക് വളരെ അഭിമാനം അതിലുണ്ട്. ഞാനില്ലായിരുന്നെങ്കിൽ പിഎസ്‌ജി ഇന്നു കാണുന്നതു പോലെയാകില്ലായിരുന്നു. ചിലയാളുകൾ ഞാൻ പണത്തിനും ഈ നഗരത്തിനും ഇവിടുത്തെ ജീവിതത്തിനും വേണ്ടി വന്നുവെന്നു കരുതും. എന്നാൽ അല്ല- ഞാൻ വന്നു, എല്ലാം മാറിമറിയുകയും ചെയ്‌തു," സ്ലാട്ടൻ പറഞ്ഞു.

പിഎസ്‌ജിയിൽ എത്തിയ മുൻ സഹതാരം മെസിയെക്കുറിച്ചുള്ള ചോദ്യത്തിനും സ്ലാട്ടൻ മറുപടി പറഞ്ഞു. "മെസിയെ സംബന്ധിച്ച് ഇതൊരു മികച്ച വെല്ലുവിളിയാണ്. ബാഴ്‌സയിൽ വളരെക്കാലം ചിലവഴിച്ചതിനു ശേഷം പുതിയൊരു കാര്യം അനുഭവിച്ചറിയുകയാണ് അദ്ദേഹം. എല്ലാം വിജയിക്കാൻ ശ്രമിക്കുന്ന പിഎസ്‌ജി പോലെയൊരു ക്ലബിലാണ് താരം എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ടീം ഞാനുണ്ടായിരുന്ന സമയത്തെ ടീമിനെക്കാൾ മികച്ചതാണോ? അല്ല, ഞങ്ങളൊരു ടീമായിരുന്നു. ഈ ദിവസങ്ങളിൽ അതങ്ങിനെയല്ല," സ്ലാട്ടൻ പറഞ്ഞു.

എംബാപ്പയെ ഇഷ്ടമാണെങ്കിലും താരം കൂടുതലായി ഒന്നും ചെയ്യുന്നില്ലെന്നും ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടു. താരം കൂടുതൽ കരുത്തനായി മാറാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും കൂടെയുള്ളവർ നീ ഏറ്റവും മികച്ചതല്ലെന്നും എന്നാൽ അതിലേക്ക് എത്താൻ കഴിയുമെന്നുള്ള പ്രോത്സാഹനം ഫ്രഞ്ച് താരത്തിന് നൽകണമെന്നും ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടു.


facebooktwitterreddit