റയലിൽ താൻ സന്തുഷ്ടനല്ലെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ഹസാർഡ്, തനിക്കവിടെ നല്ല കാര്യങ്ങൾ ചെയ്യാനാകുമെന്നും താരം

By Gokul Manthara
Real Madrid CF v Real Sociedad  - La Liga
Real Madrid CF v Real Sociedad - La Liga / Xaume Olleros/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിൽ താൻ സന്തുഷ്ടനല്ലെന്ന തരത്തിൽ ഉയരുന്ന റിപ്പോർട്ടുകളിൽ വാസ്തവമില്ലെന്ന് ചൂണ്ടിക്കാട്ടി ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ്. താൻ റയൽ മാഡ്രിഡിനായി അധികം കളിക്കുകയോ ഗോളുകൾ നേടുകയോ ചെയ്തിട്ടില്ലെങ്കിലും ക്ലബ്ബിനോടുള്ള സ്നേഹത്തെ അത് ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹസാർഡ്, ക്ലബ്ബിൽ താൻ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്തു. അടുത്ത ദിവസം നടക്കാനിരിക്കുന്ന ബെൽജിയത്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"റയൽ മാഡ്രിഡിൽ ഞാൻ സന്തുഷ്ടനല്ല എന്നത് ശരിയല്ല. ഞാൻ ക്ലബ്ബിൽ സന്തോഷവാനാണ്. ഒരു താരം കളിക്കുമ്പോളും സ്കോർ ചെയ്യുമ്പോളും സന്തോഷിക്കുമെന്ന് നിങ്ങൾക്കറിയാം. ഞാൻ അധികം കളിക്കുകയോ (റയലിൽ) സ്കോർ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ക്ലബ്ബിനോടുള്ള സ്നേഹത്തെ അത് ബാധിക്കില്ല."

"മാഡ്രിഡിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ അവിടുത്തെ എന്റെ ജീവിതം ഇഷ്ടപ്പെടുന്നു. കോവിഡും പരിക്കും മൂലം സ്ഥിതിഗതികൾ അവിടെ സങ്കീർണമായി. പക്ഷേ കളിക്കുമ്പോൾ ഒരു താരം സന്തോഷിക്കുന്നു‌. സ്കോർ ചെയ്യുമ്പോൾ സന്തോഷിക്കുന്നതും എളുപ്പമാണ്." ഹസാർഡ് പറഞ്ഞു

""റയൽ മാഡ്രിഡിൽ ഞാൻ സന്തോഷവനാണ്. എനിക്കവിടെ ധാരാളം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം "

ഈഡൻ ഹസാർഡ്

റയൽ മാഡ്രിഡിൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അവിടെ താൻ തീർത്തും സന്തോഷവാനാണെന്നും സംസാരത്തിനിടെ പല കുറി ആവർത്തിച്ചു പറഞ്ഞ ഹസാർഡ്, താനിനി ഗോളുകൾ നേടുകയും, ചിരിക്കുകയും ചെയ്യുമ്പോൾ അവിടെ സന്തോഷവാനാണെന്ന് എല്ലാവരും പറയുമെന്നും എന്നാൽ ഇപ്പോളും താൻ അങ്ങനെ തന്നെയാണെന്നും കൂട്ടിച്ചേർത്തു.

അതേ സമയം 2019 ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്ന് വലിയ പ്രതീക്ഷകളോടെ റയൽ സ്വന്തമാക്കിയ ഹസാർഡിന് തന്റെ പ്രതിഭക്കനുസരിച്ചുള്ള പ്രകടനം ഇതു വരെ ക്ലബ്ബിൽ കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. പരിക്കും ഫിറ്റ്നസിലെ‌‌ പ്രശ്നങ്ങളും തന്നെയാണ് ഇതിന് പ്രധാന‌ കാരണം. റയലിനായി ഇതു വരെ 46 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഹസാർഡ് 5 ഗോളുകൾ നേടിയതിനൊപ്പം 9 ഗോളുകൾക്കാണ് വഴിയുമൊരുക്കിയത്.

facebooktwitterreddit