കോപ്പ അമേരിക്കയിൽ ബ്രസീൽ തോറ്റതിൽ നിരാശയുണ്ടെങ്കിലും മെസിക്ക് കപ്പ് കിട്ടിയതിൽ താൻ സന്തുഷ്ടനെന്ന് റോബർട്ടോ കാർലോസ്

അർജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന ഫൈനലായിരുന്നു ഇത്തവണ കോപ്പ അമേരിക്കയിൽ സംഭവിച്ചത്. ഫുട്ബോൾ ലോകം മുഴുവൻ വലിയ രീതിയിൽ ഈ ആഘോഷിച്ച ഈ ആവേശ ഫൈനലിൽ അർജന്റീനക്കൊപ്പമായിരുന്നു ജയം. അർജന്റീനയുടെ നീണ്ട 28 വർഷക്കാലത്തെ കിരീട വരൾച്ചക്കും, ഒരു പ്രധാന അന്താരാഷ്ട്ര കിരീടത്തിനായുള്ള ലയണൽ മെസിയുടെ കാത്തിരിപ്പിനുമായിരുന്നു ഇതോടെ അവസാനമായത്.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്കൊപ്പം പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാത്തത് ഇത്രയും നാളും ലയണൽ മെസിയുടെ കരിയറിനെ അപൂർണമാക്കി നിർത്തിയിരുന്നു. അത് കൊണ്ടു തന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനലിൽ ഒരു വിഭാഗം ബ്രസീലിയൻ ആരാധകർ പോലും മെസിക്കും, അർജന്റീനക്കുമായാണ് ആർപ്പു വിളിച്ചത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. അത് കൊണ്ടു തന്നെ, കോപ്പ ഫൈനലിൽ ഇക്കുറി അർജന്റീന ജയിച്ചത് ബ്രസീലിയൻ ആരാധകരെ നിരാശരാക്കിയെങ്കിലും മെസി കപ്പ് നേടിയത് അവർക്ക് ഏറെ സന്തോഷവും പകർന്നിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കൻ മാസികയായ ജിക്യുവിനോട് സംസാരിക്കവെ ബ്രസീലിയൻ ഇതിഹാസ താരം റോബർട്ടോ കാർലോസ് കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ തോൽവിയെക്കുറിച്ചും, മെസിയുടെ കിരീട നേട്ടത്തെക്കുറിച്ചും മനസ് തുറന്നു. ബ്രസീൽ കോപ്പ ഫൈനലിൽ തോറ്റതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ കാർലോസ്, എന്നാൽ മെസിയുടെ കിരീട നേട്ടത്തിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കൂട്ടിച്ചേർക്കുകയായിരുന്നു.
"ബ്രസീൽ പരാജയപ്പെട്ടതിൽ (കോപ്പ അമേരിക്ക ഫൈനലിൽ) എനിക്ക് തീർച്ചയായും വിഷമമുണ്ട്. എന്നാൽ ലിയോയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് ശരിക്കും ആ കിരീടം ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരു സുഹൃത്തും, സഹപ്രവർത്തകനുമെന്ന നിലയിൽ മെസിയെക്കുറിച്ചോർത്ത് ഞാൻ സന്തോഷിക്കുന്നു." റോബർട്ടോ കാർലോസ് പറഞ്ഞു നിർത്തി.