Football in Malayalam

റയൽ, ബാഴ്സലോണ, യുവന്റസ് എന്നീ ക്ലബ്ബുകൾ ചാമ്പ്യൻസ്‌ ലീഗിൽ നിന്നു പോകുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് സെഫറിൻ

By Gokul Manthara
FBL-UEFA-SUI-WOMEN-REFORM
FBL-UEFA-SUI-WOMEN-REFORM / FABRICE COFFRINI/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ടു പോകാൻ നീക്കങ്ങൾ നടത്തുന്ന റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് വിട്ടു പോയാലും തനിക്ക് അതിൽ യാതൊരു ആശങ്കയുമില്ലെന്ന്‌ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. ഒരു പുതിയ യൂറോപ്യ‌ൻ ലീഗ് രൂപീകരിക്കാനുള്ള ഈ ക്ലബ്ബുകളുടെ തീരുമാനം തനിക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സെഫറിൻ, എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ അവർ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ജെർമ്മൻ മാധ്യമമായ ഡെർ സ്പീജെലിന് നൽകിയ അഭിമുഖത്തിലായിരുന്നു സെഫറിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവർ ചാമ്പ്യൻസ് ലീഗ് വിട്ടു പോയാൽ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് പറയുന്ന സെഫറിൻ, ഒരു പുതിയ ലീഗ് ആരംഭിക്കാൻ താല്പര്യപ്പെടുന്ന ഈ ക്ലബ്ബുകൾ അതേ സമയം തന്നെ ഇക്കുറി ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നുമുണ്ട് എന്നത് രസകരമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

""ഈ മൂന്ന് ക്ലബ്ബുകൾക്ക് കഴിവില്ലാത്ത നേതാക്കന്മാരാണുള്ളത് ആ ആളുകൾ (ഫ്ലോറന്റീനോ പെരസ്, ജോവൻ ലപ്പോർട്ട, ആൻഡ്രിയ അഗ്നെല്ലി) ഫുട്ബോളിനെ കൊല്ലാൻ ശ്രമിച്ചു." "

അലക്സാണ്ടർ സെഫറിൻ

യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന മൂന്ന് ക്ലബ്ബുകൾക്കെതിരെയും ആഞ്ഞടിക്കുന്ന സെഫറിൻ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ തിരഞ്ഞു പിടിച്ച് വിമർശിക്കുകയും ചെയ്തു. ഇപ്പോളത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷപെടാൻ തങ്ങൾക്ക് സൂപ്പർ ലീഗ് അനിവാര്യമാണെന്ന് പറയുന്ന പെരസ് തുടർന്ന് ഇക്കുറി കെയ്ലിൻ എംബാപ്പെയെ വൻ തുക മുടക്കി ക്ലബ്ബിലെത്തിക്കാൻ ശ്രമിച്ചതിനെതിരെയാണ് സെഫറിൻ തുറന്നടിച്ചത്.

"അദ്ദേഹം (പെരസ്) യുവേഫയെ വിമർശിക്കുകയും, ഒരു സൂപ്പർ ലീഗുണ്ടെങ്കിൽ മാത്രമേ ക്ലബ്ബിന് നിലനിൽക്കാൻ കഴിയുകയുള്ളൂവെന്ന് പറയുകയും പിന്നാലെ 180 മില്ല്യൺ യൂറോക്ക് കെയ്ലിൻ എംബാപ്പെയെ സ്വന്തമാക്കാനും ശ്രമിക്കുന്നു." പരിഹാസരൂപേണ യുവേഫ പ്രസിഡന്റ് പറഞ്ഞു.

facebooktwitterreddit