Football in Malayalam

പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുമ്പോൾ ബാഴ്സലോണയിൽ തനിക്കൊരു പ്രധാന റോളുണ്ടാവും; മനസ് തുറന്ന് ബ്രൈത്ത്വൈറ്റ്

Gokul Manthara
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / Alex Caparros/GettyImages
facebooktwitterreddit

പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുമ്പോൾ തനിക്കൊരു പ്രധാന റോൾ ബാഴ്സലോണയിലുണ്ടാകുമെന്ന് ക്ലബ്ബിന്റെ പുതിയ പരിശീലകനായ സാവി ഹെർണാണ്ടസ് തനിക്ക് ഉറപ്പു നൽകിയതായി ഡാനിഷ് സൂപ്പർ താരം മാർട്ടിൻ ബ്രൈത്ത്വൈറ്റ്. കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവിയുമായി താൻ സംസാരിച്ചുവെന്ന് പറയുന്ന ബ്രൈത്ത്വൈറ്റ്, അദ്ദേഹത്തിന് കീഴിൽ കളിക്കാൻ പോകുന്നതിലുള്ള ആവേശവും ടിവി3യോട് സംസാരിക്കവെ പങ്കു വെച്ചു.

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സെപ്റ്റംബർ മുതൽ കളിക്കളത്തിൽ നിന്ന്‌ വിട്ടു നിൽക്കുകയാണ് മാർട്ടിൻ ബ്രൈത്ത്വൈറ്റ്. പരിക്കിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലുള്ള താരം ഏതാനും ആഴ്ചകൾക്കുള്ളിൽ പരിശീലനം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോളുള്ളത്. അതിനിടെ കറ്റലൂണ്യൻ ടിവി ചാനലിനോട് സംസാരിക്കവെയായിരുന്നു സാവിയുമായി സംവദിച്ചതിനെക്കുറിച്ചും, അദ്ദേഹം തനിക്ക് നൽകിയ ഉറപ്പിനെക്കുറിച്ചും ബ്രൈത്ത്വൈറ്റ് മനസ് തുറന്നത്.

"ഇനി എത്രയും വേഗം മടങ്ങിയെത്തുക എന്നതാണ് കാര്യം. പക്ഷേ ഞാൻ മടങ്ങിയെത്തുമ്പോൾ എനിക്കൊരു പ്രധാന റോളുണ്ടാവും‌‌ (ബാഴ്സലോണയിൽ). ഞാൻ സാവിയുമായി സംസാരിച്ചു. താൻ എന്താണ് ചെയ്യേണ്ടതെന്നും, എന്തൊക്കെ കാര്യങ്ങളാണ് താൻ മാറ്റേണ്ടതെന്നുമുള്ള കാര്യം അയാൾക്ക് വ്യക്തമാണ്. ടീമിനെ എങ്ങനെയാണ് കളിപ്പിക്കേണ്ടതെന്ന കാര്യം അദ്ദേഹത്തിനറിയാം, ഇത് എല്ലാക്കാര്യവും വളരെ വ്യക്തമാക്കുന്നു." ബ്രാത്ത്വൈറ്റ് പറഞ്ഞു.

അതേ സമയം റൊണാൾഡ് കൂമാന്‌ പകരം ബാഴ്സലോണയുടെ പരിശീലക സ്ഥാനമേറ്റെടുത്ത സാവി എസ്പാന്യോളിനെതിരെ നടന്ന മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു കൊണ്ട് ക്ലബ്ബിനൊപ്പമുള്ള ‌പരിശീലക‌ കരിയർ ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബെനഫിക്കക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സാവിയുടെ ബാഴ്സക്ക് ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

facebooktwitterreddit