ബാലൺ ഡി ഓർ നേടുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നം, 30 അംഗ ചുരുക്കപ്പട്ടികയിൽ ഇടം ലഭിച്ചതിൽ സന്തോഷമെന്നും ബെൻസേമ

ബാലൺ ഡി ഓർ പുരസ്കാരം നേടുകയെന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണെന്നും അതിന് വേണ്ടി സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ അന്തിമ ലിസ്റ്റിൽ ഇടം ലഭിച്ച ബെൻസേമ, യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇങ്ങനെ പറഞ്ഞത്.
ബാലൺ ഡി ഓർ നേടുകയെന്ന സ്വപ്നം ഒരിക്കൽ സാക്ഷാത്കരിക്കാൻ തനിക്ക് കഴിയുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന ബെൻസേമ, മികച്ച 30 കളികാരുടെ പട്ടികയിൽ ഇടം നേടുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും വലിയ മത്സരങ്ങളിലെ ഒരു നേട്ടമെന്ന പോലെ താൻ മനസിൽ അത് സൂക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.
"കുട്ടിക്കാലം മുതൽ അത് (ബാലൺ ഡി ഓർ) നേടുന്നത് ഞാൻ സ്വപ്നം കാണുന്നു. ഞങ്ങളെല്ലാവരും, എല്ലാ പ്രൊഫഷണൽ കളികാരും ആ സ്വപ്നം കാണുന്നു. അതിനായി സാധ്യമായതെല്ലാം ഞാൻ ചെയ്യുന്നു. അത് ഞാൻ തുടരും. കാരണം അത് നേടാമെന്നും, എന്റെ ബാല്യകാല സ്വപ്നം നിറവേറ്റാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ആളുകൾ എന്റെ ഫുട്ബോൾ ആസ്വദിക്കുന്നതും, അതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നതുമാണ് ഏറ്റവും പ്രധാനം."
"മികച്ച 30 കളികാരുടെ പട്ടികയിൽ ഇടം നേടുന്നത് എപ്പോളും സന്തോഷകരമാണ്. വലിയ മത്സരങ്ങളിലെ ഒരു നേട്ടമെന്ന നിലയിൽ എന്റെ മനസിന്റെ ഒരു കോണിൽ ഞാനത് സൂക്ഷിക്കും." ബെൻസേമ പറഞ്ഞു നിർത്തി.
അതേ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉജ്ജ്വല ഫോമിൽ കളി തുടർന്നു കൊണ്ടിരിക്കുന്ന താരമാണ് ബെൻസേമ. ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിനായും, ഈയടുത്ത് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ഫ്രാൻസിനായും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുന്ന ബെൻസേമ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്സും അഭിപ്രായപ്പെട്ടിരുന്നു.