Football in Malayalam

പാരീസിൽ 4 ഗോളുകൾ നേടുക ബാഴ്സലോണക്ക് അസാധ്യമെന്ന് റിവാൾഡോ

Gokul Manthara
Rivaldo Attends Legend Star China Tour
Rivaldo Attends Legend Star China Tour / Zhizhao Wu/Getty Images
facebooktwitterreddit

ക്യാമ്പ് നൗവിൽ പി എസ് ജിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ 4-1ന് പരാജയപ്പെട്ട ബാഴ്സലോണക്ക് പാരീസിൽ നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ നാല് ഗോളുകൾ നേടുന്നത് അസാധ്യമായിരിക്കുമെന്ന് ഇതിഹാസ താരം റിവാൾഡോ. രണ്ടാം പാദ പ്രീക്വാർട്ടറിനിറങ്ങുമ്പോൾ ബാഴ്സലോണയുടെ കടം വലുതാണെന്ന് പറയുന്ന റിവാൾഡോ, 2017ൽ ഇതേ എതിരാളികൾക്കെതിരെ നടത്തിയ തകർപ്പൻ തിരിച്ചു വരവ് പോലൊന്ന് ഇക്കുറി ബാഴ്സലോണയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബാഴ്സലോണ-പി എസ് ജി മത്സരത്തെക്കുറിച്ച് മുൻ ബാഴ്സ താരം കൂടിയായിരുന്ന റിവാൾഡോ മനസ് തുറന്നത്.

രണ്ടാം പാദ പ്രീക്വാർട്ടറിൽ ബാഴ്സലോണ തിരിച്ചു വരവ് നടത്തുമെന്ന് താൻ കരുതുന്നില്ലെന്ന് പറയുന്ന റിവാൾഡോ, അത്തരമൊരു തിരിച്ചു വരവ് സാധിക്കുമെന്ന് കളിക്കാർ വിശ്വസിക്കുന്നുണ്ടോയെന്ന് പോലും തനിക്ക് അറിയില്ലെന്നും ചൂണ്ടിക്കാട്ടി. പാരീസിൽ ബാഴ്സലോണക്ക് 4 ഗോളുകൾ നേടുന്നത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, നെയ്മറും, ഡി മരിയയുമില്ലാതെ കളിക്കാനിറങ്ങിയ പി എസ് ജി ആദ്യ പാദത്തിൽ ഇത്ര വലിയ വിജയം നേടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

""ബാഴ്സലോണ തിരിച്ചുവരവ് നടത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല. പാരീസിൽ അവർക്ക് നാല് ഗോളുകൾ നേടുന്നത് അസാധ്യം‌". "

റിവാൾഡോ

അതേ സമയം, ആദ്യ പാദ പ്രീക്വാർട്ടറിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പി എസ് ജിയോട് ബാഴ്സലോണ പരാജയപ്പെട്ടപ്പോൾ, ലയണൽ മെസിയാണ് ക്ലബിന് വേണ്ടി ഗോൾ നേടിയത്. അതിന് ശേഷമായിരുന്നു നാല് ഗോളുകൾ വാങ്ങി കറ്റാലൻ ക്ലബ്ബ് വൻ നാണക്കേടിലേക്ക്‌ വീണത്. ഹാട്രിക്ക് ഗോളുകളുമായി കെയ്‌ലിന് എംബാപ്പെ നിറഞ്ഞാടിയ മത്സരത്തിൽ, മോയിസ് കീനായിരുന്നു പി എസ് ജിയുടെ ശേഷിക്കുന്ന ഗോൾ നേടിയത്.


facebooktwitterreddit