'നിങ്ങൾ മികച്ച ടീമിലായിരിക്കുമ്പോൾ അവിടം വിടാൻ ആഗ്രഹിക്കില്ല' - റൊണാൾഡോ യുവന്റസിൽ തുടരുമെന്ന് ബ്രൂണോ ആൽവസ്

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, താരം ഇറ്റാലിയൻ ക്ലബിൽ തുടരുമെന്നാണ് താൻ കരുതുന്നതെന്ന് മുൻ പോർച്ചുഗീസ് താരം ബ്രൂണോ ആൽവസ്.
യുവന്റസ് മികച്ച ടീമാണെന്നും, അല്ലെഗ്രിയുടെ പരിശീലകസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് പ്രധാനമാണെന്നും ഇറ്റാലിയൻ മാധ്യമമായ ടുട്ടോമെർക്കാടോ വെബിനോട് സംസാരിക്കവെ പോർച്ചുഗീസ് ദേശീയ ടീമിൽ റൊണാൾഡോയുടെ മുൻ സഹതാരമായ ആൽവസ് പറഞ്ഞു.
"അവൻ യുവന്റസിൽ തുടരുമെന്ന് ഞാൻ കരുതുന്നു. യുവന്റസ് മികച്ച ടീമാണ്. അവർക്ക് നിരവധി പ്രധാന കളിക്കാരുണ്ട്. (ക്ലബ്ബിലേക്കുള്ള) അല്ലഗ്രിയുടെ തിരിച്ചു വരവ് പ്രധാനമാണ്. യുവന്റസ് ശക്തരാണ്. നിങ്ങൾ മികച്ചൊരു ടീമിലായിരിക്കുമ്പോൾ അവിടം വിടാൻ ആഗ്രഹിക്കില്ല,"ആൽവസ് പറഞ്ഞു.
അതേ സമയം യുവന്റസുമായി നിലവിൽ ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾ നേരത്തെ ശക്തമായിരുന്നു. എന്നാൽ ബാഴ്സലോണ വിട്ട ലയണൽ മെസി കഴിഞ്ഞയാഴ്ച പിഎസ്ജിയുമായി കരാർ ഒപ്പു വെച്ചതോടെ അത്തരമൊരു നീക്കത്തിനുള്ള സാധ്യതകൾ അവസാനിച്ചു. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേര് റൊണാൾഡോയുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ടിരുന്നെങ്കിലും, അത്തരത്തിലൊരു നീക്കം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.
നേരത്തെ 2018ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ റൊണാൾഡോ കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനമാണ് ഇറ്റാലിയൻ ക്ലബ്ബിനായി കാഴ്ച വെച്ചത്. യുവന്റസിനായി ഇതു വരെ കളിച്ച 133 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയ താരം 22 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.