താൻ വേണ്ടത്ര ഗോളുകൾ സ്കോർ ചെയ്യുന്നില്ലെന്ന് ഹാലൻഡ്, ലക്ഷ്യം മത്സരങ്ങളേക്കാൾ കൂടുതൽ ഗോളുകളെന്നും നോർവീജിയൻ താരം

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് നോർവെയുടെ എർലിംഗ് ഹാലൻഡ്. ഫുട്ബോളിലെ അടുത്ത സൂപ്പർ താരങ്ങളിലൊരാളെന്ന് വിശേഷിക്കപ്പെടുന്ന ഹാലൻഡ് തന്റെ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയും, രാജ്യത്തിന് വേണ്ടിയും ഗോളുകളടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ഇരുപത്തിയൊന്നുവയസിനിടെ പ്രായത്തിനെ വെല്ലുന്ന ഗോൾ റെക്കോർഡ് കൈവശമുണ്ടെങ്കിലും തന്റെ ഗോൾ നേട്ടത്തിൽ ഹാലൻഡ് തൃപ്തനല്ല.
ഇന്ന് ജിബ്രാൾട്ടറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹാട്രിക്ക് നേടി നോർവേക്ക് ഉജ്ജ്വല ജയം സമ്മാനിച്ചതിന് ശേഷം സംസാരിക്കവെയായിരുന്നു നിലവിലെ തന്റെ ഗോൾ ടാലിയിൽ താൻ തൃപ്തനല്ലെന്നും മറിച്ച് കളിക്കുന്ന മത്സരങ്ങളേക്കാൾ കൂടുതൽ ഗോളുകൾ അക്കൗണ്ടിലുണ്ടാവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹാലൻഡ് ചൂണ്ടിക്കാട്ടിയത്. പ്രധാനമായും അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ നേട്ടത്തിലാണ് ഹാലൻഡിന് തൃപ്തി പോരാത്തതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
"ഞാൻ വേണ്ടത്ര ഗോളുകൾ നേടിയിട്ടില്ല. ഞാൻ ശരാശരി ഒരു ഗോളിനടുത്ത് (ഒരു മത്സരത്തിൽ) നേടുന്നുണ്ട്. എന്നാൽ കളിക്കുന്ന മത്സരങ്ങളേക്കാൾ കൂടുതൽ ഗോളുകൾ നേടണമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു.'' എർലിംഗ് ഹാലൻഡ് പറഞ്ഞു.
Erling Haaland has 12 goals in 15 games for Norway.
— B/R Football (@brfootball) September 8, 2021
He still isn't happy. ? pic.twitter.com/fnimLRaskV
നോർവേക്കായി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ജോർഗൻ ജുവെയുടെ (33 ഗോളുകൾ) റെക്കോർഡ് തകർക്കാൻ കഴിയുമോയെന്ന ചോദ്യവും സംസാരത്തിനിടെ ഹാലൻഡിന് നേരിടേണ്ടി വന്നു. ഇതിന് നേരിട്ടുള്ള മറുപടി നൽകാൻ തയ്യാറാകാതിരുന്ന ഹാലൻഡ്, താൻ എന്തിലേക്കാണ് നീങ്ങുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
.
അതേ സമയം അന്താരാഷ്ട്ര ഫുട്ബോളിൽ ഇതു വരെ 15 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഹാലൻഡ് 12 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ക്ലബ്ബ് കരിയറിലാകട്ടെ 158 മത്സരങ്ങളിൽ നിന്ന് ഇതിനോടകം 112 ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞ താരം 31 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.