Football in Malayalam

'എനിക്ക്‌ ശരിക്കും ഒന്നുമറിയില്ല'; ന്യൂകാസിലിന്റെ പരിശീലകനായേക്കുമെന്ന തരത്തിൽ ഉയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് എമെറി

By Gokul Manthara
Athletic Club v Villarreal CF - La Liga Santander
Athletic Club v Villarreal CF - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ വിയ്യാറയൽ പരിശീലകൻ ഉനായ് എമറിയെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ന്യൂകാസിൽ യുണൈറ്റഡ് താല്പര്യപ്പെടുന്നുണ്ടെന്നും അതിനായുള്ള നീക്കങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞെന്നും ഇന്നലെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ഇത്തരത്തിലൊരു വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് തനിക്ക് ഒന്നും തന്നെയറിയില്ലെന്ന്‌ എമെറി വ്യക്തമാക്കിയിരിക്കുന്നു. യംഗ് ബോയ്സുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ന്യൂകാസിൽ യുണൈറ്റഡിന് തന്നെ പരിശീലകനാക്കാൻ താല്പര്യമുണ്ടെന്ന തരത്തിൽ ഉയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എമറി വ്യക്തമാക്കിയത്.

ഈ മാസത്തെ അന്താരാഷ്ട്ര ഇടവേളക്കിടയിൽ ഉനായ് എമെറിയെ തങ്ങളുടെ പരിശീലകനായി ന്യൂകാസിൽ യുണൈറ്റഡ് നിയമിച്ചേക്കുമെന്നും, വിയ്യാറയലുമായി കരാർ ബാക്കി നിൽക്കെ സ്വന്തമാക്കുന്ന എമെറിക്കായി വലിയ ശമ്പളം നൽകാൻ ന്യൂകാസിൽ തയ്യാറാണെന്നും ജെർമ്മൻ മാധ്യമമായ സ്പോർട് 1 ആയിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ ന്യൂകാസിലിന് തന്നിലുള്ള താല്പര്യത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് എമെറി വ്യക്തമാക്കിയതോടെ ന്യൂകാസിൽ അധികൃതർ അദ്ദേഹത്തെ ഓഫറുമായി ഇതു വരെ സമീപിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാവുകയായിരുന്നു.

അതേ സമയം സൗദി അറേബ്യൻ കൺസോർഷ്യം ഉടമസ്ഥരായെത്തിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ്, ടീമിനെ അഴിച്ചു പണിതു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയ അവർ സ്റ്റാർ പരിശീലകരെയാണ് അദ്ദേഹത്തിന് പകരക്കാരനായി നോട്ടമിട്ടിരിക്കുന്നത്.

എ എസ് റോമയുടെ മുൻ പരിശീലകനായിരുന്ന പൗലോ ഫോൻസെക്ക, ജെർമ്മ‌ൻ സൂപ്പർ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകനായ ലൂസിയാൻ ഫാവ്രെ, മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ എന്നിവരുടെ പേരുകൾ സ്റ്റീവ് ബ്രൂസിന് പകരക്കാരനായി പറഞ്ഞു കേട്ടെങ്കിലും ഇവരിലാരും ക്ലബ്ബിലെത്തിയില്ല. അതിനിടെയാണ് ഉനായ് എമറിയുടെ പേര് ന്യൂകാസിലിന്റെ പരിശീലക ജോലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit