Football in Malayalam

'മെസി പിഎസ്‌ജി ജേഴ്സിയണിയുമെന്ന് താൻ ഒരിക്കൽപ്പോലും കരുതിയിരുന്നില്ല'; മനസ് തുറന്ന് റൊണാൾഡീഞ്ഞോ

Ronaldinho
Ronaldinho / Lionel Hahn/GettyImages
facebooktwitterreddit

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി പി എസ് ജിയിലെത്തുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബാഴ്സലോണയിൽ അദ്ദേഹത്തിന്റെ സഹ കളികാരനായിരുന്ന ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ. കഴിഞ്ഞ ദിവസം ഫ്രഞ്ച് ദിനപത്രമായ ലേ പാരീസിയനോട് സംസാരിക്കുന്നതിനിടെയായിരുന്നു ലയണൽ മെസി പി എസ് ജിയിലെത്തിയതിനെക്കുറിച്ച് റൊണാൾഡീഞ്ഞോ മനസ് തുറന്നത്.

നേരത്തെ ബാഴ്സലോണയിലുണ്ടായിരുന്ന സമയത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മെസിയും, റൊണാൾഡീഞ്ഞോയും. കഴിഞ്ഞ ദിവസം ആർ ബി ലെപ്സിഗും, പി എസ് ജിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം കാണാനെത്തിയ റൊണാൾഡീഞ്ഞോ, മെസിയുമായും മത്സരശേഷം ബ്രസീൽ സൂപ്പർ താരം നെയ്മറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ലേ പാരീസിയനോട് സംസാരിക്കുന്നതിനിടെ ഇതേക്കുറിച്ചും ഡീഞ്ഞോ മനസ് തുറന്നു.

"അവരെ (മെസിയേയും നെയ്മറിനേയും) കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. അവർ നല്ല സൗഹൃദത്തിലാണെന്ന് എനിക്കറിയാം. അവരെ വീണ്ടും കാണാൻ കഴിഞ്ഞത് മഹത്തരമായിരുന്നു. ലിയോ ബാഴ്സയിലായിരുന്നപ്പോൾ അവന്റെ കഴിവുകളെക്കുറിച്ച് ധാരാളം സംസാരമുണ്ടായിരുന്നു, ഒരുമിച്ച് പരിശീലനം നടത്തിയപ്പോൾ ഞാൻ അവ കണ്ടു." റൊണാൾഡീഞ്ഞോ പറഞ്ഞു.

"മെസി പി എസ് ജി ഷർട്ട് ധരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല "

റൊണാൾഡീഞ്ഞോ

മെസിയും നെയ്മറും അടക്കമുള്ള നിരവധി സൂപ്പർ താരങ്ങളുള്ള പാരീസ് സെന്റ് ജെർമ്മന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്ന് താൻ കരുതുന്നതായും സംസാരത്തിനിടെ റൊണാൾഡീഞ്ഞോ ചൂണ്ടിക്കാട്ടി. ഇത്രയും മികച്ച കളികാരുള്ളപ്പോൾ പ്രധാനപ്പെട്ട ഒന്നും അവർ നേടില്ലെന്ന് കരുതുക പ്രയാസമാണെന്നാണ് മുൻ ബ്രസീലിയൻ സൂപ്പർ താരത്തിന്റെ പക്ഷം.

facebooktwitterreddit