Football in Malayalam

'ഞാൻ ആഴ്സനലിനെ സ്നേഹിക്കുന്നു, എന്നാൽ അവർ എന്നെ അർഹിച്ചിരുന്നില്ല'; തുറന്നടിച്ച് എമിലിയാനോ മാർട്ടിനസ്

Gokul Manthara
Arsenal v Chelsea - FA Cup Final
Arsenal v Chelsea - FA Cup Final / Marc Atkins/Getty Images
facebooktwitterreddit

ആഴ്സനൽ തന്നെ പൂർണമായും വിശ്വസിച്ചില്ലെന്നും ക്ലബ്ബിന്റെ ഈ വിശ്വാസക്കുറവാണ് താൻ അവിടം വിടാൻ കാരണമെന്നും പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. കഴിഞ്ഞ സമ്മറിൽ ആഴ്സനൽ വിട്ട് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയതിന് ശേഷം മിന്നും ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന മാർട്ടിനസ്, തന്റെ മുൻ ക്ലബ്ബായ ആഴ്സനൽ തന്നെ അർഹിച്ചിരുന്നില്ലെന്നും തുറന്നടിച്ചു. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു മാർട്ടിനസ് ആഴ്സനൽ വിട്ടതിനെക്കുറിച്ച് മനസ് തുറന്നത്.

മികച്ച ഫോമിലായിരുന്നപ്പോൾ പോലും ക്ലബ്ബ് തന്നെ നല്ല രീതിയിലായിരുന്നില്ല കൈകാര്യം ചെയ്തതെന്ന് മാർട്ടിനസ് പറയുന്നു. ഇത് കൊണ്ടു തന്നെ അവർ തന്നെ അർഹിച്ചിരുന്നില്ലെന്ന് തനിക്ക് തോന്നിയെന്നും മാർട്ടിനസ് ചൂണ്ടിക്കാട്ടി‌. തനിക്ക് ആവശ്യമായ കളി സമയം ഉറപ്പ് നൽകാൻ ആഴ്സനലിന് കഴിഞ്ഞില്ലെന്നും, ആവശ്യത്തിന് കളി സമയം നൽകാൻ ക്ലബ്ബിന് കഴിഞ്ഞില്ലെങ്കിൽ അവിടം വിടുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മാർട്ടിനസ് വെളിപ്പെടുത്തി.

""ഞാൻ ആഴ്സനലിനെ ഇപ്പോളും ഇഷ്ടപ്പെടുന്നു‌. ഞാൻ ഇപ്പോളും അവരുടെ മത്സരങ്ങൾ കാണുന്നു‌. പക്ഷേ അവർ എന്നെ വിശ്വസിച്ചിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അത് തന്നെയായിരുന്നു യാഥാർത്ഥ്യം. കാരണം അക്കാദമിയിൽ നിന്നുള്ള ഗോൾകീപ്പറായ ഞാനുണ്ടായിരുന്നപ്പോളും എനിക്ക് മുന്നിൽ കളിപ്പിക്കാൻ അവർ ഗോൾകീപ്പർമാരെ വാങ്ങിക്കൊണ്ടിരുന്നു." "

എമിലിയാനോ മാർട്ടിനസ്‌

ആവശ്യത്തിന് കളി സമയം ഉറപ്പ് നൽകാൻ ആഴ്‌സണലിന് കഴിയാതെ വന്നതോടെ നീണ്ട 10 വർഷത്തിന് ശേഷം താൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചുവെന്ന് പറയുന്ന മാർട്ടിനസ്, അത് വളരെ കഠിനമായ തീരുമാനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ആഴ്സനലിൽ മികച്ച നിലയിലായിരുന്ന സമയത്ത് ക്ലബ്ബ് വിടുന്നത് എന്തിനാണെന്ന് തന്റെ കുടുംബത്തിന് മനസിലായില്ലെന്നും, എന്നാൽ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതിൽ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു.

""ആഴ്സനൽ വിടാനുള്ള തീരുമാനം ഒരു ചൂതാട്ടമായിരുന്നു. എന്നാൽ എല്ലായ്‌പോഴും കംഫർട്ട് സോണിൽ തുടരുകയാണെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒരിടത്തുമെത്താൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ട് ഞാൻ മുന്നോട്ട് ചുവടു വെക്കാൻ തീരുമാനിച്ചു. "

എമിലിയാനോ മാർട്ടിനസ്
facebooktwitterreddit