ഇന്ത്യൻ ടീമിന്റെ പരിശീലകനെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല; തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ സ്റ്റിമാച്ച്

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ ആരൊക്കെയാണ് കളിക്കേണ്ടതെന്നും, ആരാണ് ടീമിന്റെ പരിശീലകനാകേണ്ടതെന്നുമുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാച്ച്. ടീമിന്റെ സമീപകാല പ്രകടനങ്ങൾ മോശമായ സാഹചര്യത്തിൽ സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. ട്വിറ്ററിൽ 'സ്റ്റിമാച്ച് പുറത്തേക്ക്' എന്നുള്ള ഹാഷ്ടാഗും വൈറലായിക്കഴിഞ്ഞു. തനിക്കെതിരെ ഇത്തരത്തിൽ വലിയ പ്രതിഷേധം പുറത്തുയരുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയക്കെതിരെ തുറന്നടിച്ച് സ്റ്റിമാച്ച് രംഗത്തെത്തിയിരിക്കുന്നത്.
"സമൂഹ മാധ്യമങ്ങൾ ഒരിക്കലും നിശബ്ദമാകില്ല. ആദ്യ ദിനം മുതൽ നിങ്ങൾ അത്രക്ക് മികച്ചതല്ലാത്തത് എന്തിലാണോ അതാണ് അവർ കണ്ടെത്തുക. ഇന്ത്യൻ ടീമിൽ കളിക്കേണ്ടത് ആരാണെന്ന് സോഷ്യൽ മീഡിയ ഒരിക്കലും തീരുമാനിക്കില്ല. ആരാകണം ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന കാര്യവും അവർ തീരുമാനിക്കില്ലെന്ന് ഞാൻ കരുതുന്നു. ഇഷ്ടമുള്ളതെന്തും എഴുതാൻ അവർക്ക് കഴിയും. അതൊരു തുറന്ന നെറ്റ്വർക്കാണ് എന്നാൽ ഗൗരവക്കാരായ ആളുകൾ സമൂഹ മാധ്യമങ്ങളെ ശ്രദ്ധിക്കേണ്ടതില്ല." ശ്രീലങ്കക്കെതിരായ സാഫ് കപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സ്റ്റിമാച്ച് വ്യക്തമാക്കി.
Igor Stimac has addressed his views on the opinions shared on social media platforms ?
— Goal India (@Goal_India) October 6, 2021
Read: https://t.co/RAWqFGnYUx#BlueTigers #SAFFChampionship2021 #IndianFootball pic.twitter.com/I64mgyJnFz
സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങേണ്ടി വന്നതിൽ തങ്ങൾ തൃപ്തരല്ലെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ സ്റ്റിമാച്ച്, ശ്രീലങ്കക്കെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരം കഠിനമായിരിക്കുമെന്നും പക്ഷേ അവസരങ്ങളും, സ്പേസുകളും ഉണ്ടാകുമെന്നതിനാൽ അവ ടീം പ്രയോജനപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി.
"അവർക്ക് (ശ്രീലങ്ക) നമ്മൾ അറ്റാക്കിംഗ് തേഡിൽ എത്തുന്നതിൽ നിന്ന് തടയാൻ എന്തും ചെയ്യാം. അത് ഫുട്ബോളിൽ അനുവദനീയമാണ്. എല്ലാ ടീമുകൾക്കും സാങ്കേതികപരമായി ചെറിയ വ്യത്യാസങ്ങളുണ്ട്. പൊരുതുക എന്നത് മാത്രമാണ് അവർക്ക് ചെയ്യാനാവുന്നത്. അവർ നന്നായി പോരാടുന്നു. അവർക്കെതിരെ എങ്ങനെ നന്നായി കളിക്കാൻ കഴിയുമെന്നത് നമ്മൾ കണ്ടെത്തേണ്ടതുണ്ട്. ഇതൊരു ബുദ്ധിമുട്ടുള്ള കളിയായിരിക്കും. പക്ഷേ അവസരങ്ങളും സ്പേസുകളുമുണ്ടാകും. നമ്മൾ അവ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ബുദ്ധിപരമായും, ക്ഷമയോടെയും ഇരിക്കേണ്ടതുണ്ട്." സ്റ്റിമാച്ച് പറഞ്ഞു നിർത്തി.