അത്ലറ്റിക്കോയോട് പരാജയപ്പെട്ടാൽ ബാഴ്സലോണ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് കൂമാൻ


അത്ലറ്റികോ മാഡ്രിഡിനെതിരായ സ്പാനിഷ് ലീഗ് മത്സരം നടക്കാനിരിക്കെ ബാഴ്സലോണ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു പ്രതികരിച്ച് റൊണാൾഡ് കൂമാൻ. പൊതുവെ ശാന്തനായി ചോദ്യങ്ങളെ നേരിട്ട കൂമാൻ തന്നെ പുറത്താക്കുന്നതിനെ കുറിച്ച് യാതൊരു സൂചനകളും പ്രസിഡന്റ് ലപോർട്ടയോ ബാഴ്സലോണ നേതൃത്വത്തിലെ മറ്റാരെങ്കിലുമോ നൽകിയിട്ടില്ലെന്നാണ് പറഞ്ഞത്.
"ആരും എന്നോടൊന്നും പറഞ്ഞിട്ടില്ല. പ്രസിഡന്റ് രാവിലെ ഇവിടെയുണ്ടായിരുന്നു എന്നത് സത്യമാണ്, പക്ഷെ അദ്ദേഹം മത്സരത്തിനു തയ്യാറെടുക്കുകയായിരുന്നതിനാൽ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം എന്നോടൊന്നും പറഞ്ഞിട്ടില്ല, പക്ഷെ എനിക്കു ചെവികളും കണ്ണുകളുമുള്ളതു കൊണ്ട് പല കാര്യങ്ങളും ചോരുന്നത് അറിയുന്നുണ്ട്." മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു.
The Dutch coach is under a lot of pressure at Barcelona.https://t.co/z9jzNJCYfw
— MARCA in English (@MARCAinENGLISH) October 1, 2021
തന്റെ പ്രകടനത്തെക്കുറിച്ച എങ്ങിനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു സ്വയം പ്രതിരോധിച്ച് മടുത്തു തുടങ്ങിയെന്നാണ് കൂമാൻ മറുപടി നൽകിയത്. ക്ലബിലെയും ടീമിലെയും സാഹചര്യങ്ങൾ ആർക്കു വേണമെങ്കിലും വിശകലനം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
"ക്ലബിലെ മാറ്റങ്ങൾ ഞങ്ങൾ സ്വീകരിച്ചു. ഇതു നല്ല കാര്യമാണെന്നു കരുതുന്ന പലരുമുണ്ടാകും എന്നതിനൊപ്പം ഇതു വളരെ ദയനീയമാണെന്നും പലരും കരുതും. ചിലർ ഇതിനു സമയമെടുക്കും എന്നാണു കരുതുക, ഒരു ദിവസം എനിക്കെന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കും." കൂമാൻ വ്യക്തമാക്കി.
ആക്രമണ നിരയിലെ പല താരങ്ങളും പരിക്കിൽ നിന്നും മുക്തരാവാത്തതിനാൽ ടീമിന്റെ ബാലൻസ് നഷ്ടമായെന്നും കൂമാൻ പറഞ്ഞു. നിരവധി ഷോട്ടുകൾ ഉതിർത്താലും ഗോളുകൾ കണ്ടെത്താൻ ബാഴ്സലോണക്ക് കഴിയുന്നില്ലെന്നും അതേസമയം ഒറ്റ ഷോട്ടിൽ നിന്നു തന്നെ ഗോൾ കണ്ടെത്താൻ കഴിയുന്ന അത്ലറ്റികോ വലിയ വെല്ലുവിളി ആകുമെന്നും കൂമാൻ പറഞ്ഞു.