Football in Malayalam

മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാനുള്ള ആഗ്രഹവും സ്വപ്‌നവും ഇപ്പോഴുമുണ്ടെന്ന് ലയണൽ മെസി

Sreejith N
FBL-FRA-LIGUE1-PSG-TRAINING-MESSI
FBL-FRA-LIGUE1-PSG-TRAINING-MESSI / BERTRAND GUAY/Getty Images
facebooktwitterreddit

ഇരുപത്തിയൊന്നു വർഷത്തെ ബാഴ്‌സലോണ കരിയർ ഈ സമ്മറിൽ അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്ന ലയണൽ മെസി നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ താരമാണ്. ഫ്രാൻസിൽ താരത്തിന്റെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണെങ്കിലും ഇതുവരെയും അതെന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം ഈ സീസണിൽ ഫ്രഞ്ച് ക്ലബിനൊപ്പം തന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

"കഴിഞ്ഞ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിന്റെ വളരെ അടുത്തെത്തിയതിനു ശേഷം പിഎസ്‌ജി ഒരിക്കൽ കൂടി പൊരുതാൻ തയ്യാറാണെന്നാണ് ഞാൻ കരുതുന്നത്. മറ്റൊരു ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ അതെ സ്വപ്‌നവും ആഗ്രഹവും എനിക്കിപ്പോഴുമുണ്ട്. ക്ലബിനും ആരാധകർക്കും വളരെ വലുതായ ആ ലക്‌ഷ്യം നേടിയെടുക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ എനിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു." ബീയിൻ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മെസി പറഞ്ഞു.

ഫ്രാൻസിലെത്തിയതിനു ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചും മെസി പറഞ്ഞു. "സത്യസന്ധമായി പറഞ്ഞാൽ വളരെ ആവേശം നിറഞ്ഞതായിരുന്നു. ഞാൻ ഇവിടെയെത്തുമെന്ന കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും പ്രസ്‌താവന വന്നതു മുതൽ ആളുകൾ തെരുവുകളിലേക്ക് ഒഴുകുകയായിരുന്നു. ബാഴ്‌സലോണക്ക് പുറത്ത് ആദ്യത്തെ അനുഭവമാണ് എനിക്ക്. വളരെക്കാലം ബാഴ്‌സയിൽ നിന്നതിനു ശേഷം ഇപ്പോഴുണ്ടാകുന്ന ഈ അനുഭവം ആവേശം നൽകുന്നതാണ്. കളത്തിലിറങ്ങാൻ ഞാൻ കാത്തിരിക്കുന്നു." മെസി പറഞ്ഞു.

വളരെക്കാലം രണ്ടു ക്ലബുകളിൽ കളിച്ചതിനു ശേഷം നെയ്‌മറുമായി വീണ്ടും ഒരുമിക്കുന്നതിൽ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു. പിഎസ്‌ജിക്ക് വളരെ മികച്ചൊരു സ്ക്വാഡ് സ്വന്തമായുണ്ടെന്നും ഓരോ താരത്തിനൊപ്പവും കളിക്കാൻ കാത്തിരിക്കുകയാണെന്നും മെസി വ്യക്തമാക്കി. ബാഴ്‌സയിലെ അരങ്ങേറ്റ നാളുകളിൽ അണിഞ്ഞ മുപ്പതാം നമ്പർ തന്നെ പിഎസ്‌ജിയിലും അണിയുകയാണ് ഉചിതമെന്നു തോന്നിയതു കൊണ്ടാണ് അതു തിരഞ്ഞെടുത്തതെന്നും മെസി കൂട്ടിച്ചേർത്തു.

facebooktwitterreddit