Football in Malayalam

'മെസിയെ ഒരിക്കലും ഇത്ര സന്തോഷവാനായി കണ്ടിട്ടില്ല'; കോപ്പ കിരീടം ഒരു സ്വപ്ന സാക്ഷാത്കാരമെന്നും ലിയാൻഡ്രോ പരെഡെസ്

Gokul Manthara
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/Getty Images
facebooktwitterreddit

അർജന്റീനക്കൊപ്പം ഒരു പ്രധാന അന്താരാഷ്ട്ര കിരീടമില്ലാത്തതായിരുന്നു ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിശേഷിക്കപ്പെടുന്ന ലയണൽ മെസിയുടെ കരിയറിൽ ഇത്രയും നാളുണ്ടായിരുന്ന പോരായ്മ. എന്നാൽ ഈ വർഷത്തെ കോപ്പ അമേരിക്കയിൽ കിരീടം ചൂടി ആ കുറവ് മെസി നികത്തി. അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയിൽ മുത്തമിട്ടതിന് ശേഷം മെസി അതാഘോഷിച്ച രീതി അദ്ദേഹം ആ കിരീടം എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.

കോപ്പ അമേരിക്കയിൽ കിരീടം ചൂടിയതിന്റെ ആവേശത്തിലൂടെ മെസിയും, അർജന്റീനയും കടന്നു പോകുന്നതിനിടെ ഇപ്പോളിതാ മെസിയെ ഒരിക്കലും ഇത്ര സന്തോഷവാനായി കണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ലിയാൻഡ്രോ പരെഡെസ്. മെസി ദേശീയ ടീമിനൊപ്പം കിരീടം ഉയർത്തണമെന്നത് അർജന്റീനക്കാരുടെ മുഴുവൻ ആഗ്രഹമായിരുന്നുവെന്ന് പറയുന്ന പരെഡെസ്, ഈ കിരീട വിജയം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും കഴിഞ്ഞ ദിവസം ടൈക് സ്പോർട്സിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"ഞങ്ങൾ മാത്രമല്ല, 45 ദശലക്ഷം അർജന്റീനക്കാരും ലിയോ അർജന്റൈൻ ദേശീയ ടീമിനൊപ്പം ഒരു കിരീടം ഉയർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സംഭാവന നൽകുന്നതും, അവനോടൊപ്പം അത് ആസ്വദിക്കുന്നതും അവിശ്വസനീയമായിരുന്നു.

"മെസിയെ ഒരിക്കലും ഇത്ര സന്തോഷവാനായി ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്കൊപ്പമുള്ളത് അദ്ദേഹം ശരിക്കും ആസ്വദിച്ചു. ധാരാളം ഫലിതങ്ങൾ നിറഞ്ഞ ഒരു കോളേജ് ട്രിപ് പോലെയായിരുന്നു ഇത്. അവിടെ ഞങ്ങൾ വളരെയധികം ആസ്വദിച്ചു. ഞങ്ങൾ വിജയിച്ചു, എല്ലാവർക്കുമെതിരെ അത് തുടർന്ന് ഞങ്ങൾ ഫൈനലിലുമെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒരു കോപ്പ അമേരിക്ക യായിരുന്നു ഇത്. ഒരു സ്വപ്ന‌സാക്ഷാത്കാരം." പരെഡെസ് പറഞ്ഞു നിർത്തി.

facebooktwitterreddit