Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലെത്തില്ല; താരത്തെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആൻസലോട്ടി

Gokul Manthara
FBL-EUR-C1-REALMADRID-TRAINING
FBL-EUR-C1-REALMADRID-TRAINING / MARCO BERTORELLO/Getty Images
facebooktwitterreddit

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന‌ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്‌. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് എന്നിവരുമായി ബന്ധപ്പെട്ടാണ് റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ ഭൂരിഭാഗവും.‌ ഇതിൽ തന്റെ മുൻ ക്ലബ്ബ് കൂടിയായ റയൽ മാഡ്രിഡിലേക്ക് റോണോ തിരിച്ചു പോകാനുള്ള‌ സാധ്യത വളരെ കൂടുതലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ ശക്തമാണ്.

എന്നാൽ റൊണാൾഡോ റയലിലേക്ക് വരുമെന്നും, ഇക്കാര്യത്തിൽ അദ്ദേഹവുമായി ക്ലബ്ബ് സമ്പർക്കം പുലർത്തിയെന്നുമുള്ള റിപ്പോർട്ടുകൾ പാടേ തള്ളിക്കളഞ്ഞ് ഇപ്പോൾ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി രംഗത്തെത്തിയിരിക്കുന്നു. ഇന്ന് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു റൊണാൾഡോയെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്ന് റയലിൽ മുൻപ് റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുമുള്ള കാർലോ ആൻസലോട്ടി വ്യക്തമാക്കിയത്.

"ക്രിസ്റ്റ്യാനോ ഒരു റയൽ മാഡ്രിഡ് ഇതിഹാസമാണ്. അദ്ദേഹത്തിന് എന്റെ എല്ലാ ബഹുമാനവും സ്നേഹവുമുണ്ട്. അദ്ദേഹവുമായി കരാർ ഒപ്പിടുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല." ട്വിറ്ററിൽ ആൻസലോട്ടി കുറിച്ചു.

നേരത്തെ 2013 മുതൽ 2015 വരെ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്ന‌ സമയത്ത് ക്ലബ്ബിൽ അദ്ദേഹത്തിന്റെ പ്രിയ കളികാരിലൊരാളായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ തന്റെ കരിയറിലെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത് റയലിൽ ആൻസലോട്ടിക്ക് കീഴിലായിരുന്നു. ആൻസലോട്ടിക്ക് കീഴിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോം പുറത്തെടുത്ത റൊണാൾഡോ, അദ്ദേഹത്തിന് കീഴിൽ 112 ഗോളുകളാണ് വെറും രണ്ട് സീസണുകളിൽ നിന്ന് അടിച്ചു കൂട്ടിയത്.

facebooktwitterreddit