Football in Malayalam

മെസിയുടെയും റൊണാൾഡോയുടെയും തലത്തിലേക്ക് എത്താൻ തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഹാലാൻഡ്

Gokul Manthara
Borussia Dortmund v Sport-Club Freiburg - Bundesliga
Borussia Dortmund v Sport-Club Freiburg - Bundesliga / Lars Baron/Getty Images
facebooktwitterreddit

സ്വയം മെച്ചപ്പെടാനായി താൻ എല്ലാ ദിവസവും‌ കഠിനമായി പരിശ്രമിച്ചു ‌കൊണ്ടിരിക്കുകയാണെന്നും ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ തലത്തിലേക്കെത്താൻ തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ബൊറൂസിയ ഡോർട്ട്മുണ്ട് യുവ താരം എർലിംഗ് ബ്രൂട് ഹാലാൻഡ്. കഴിഞ്ഞ‌ ദിവസം നോർവീജിയൻ ദിനപത്രമായ ഡാഗ്ബ്ലാഡറ്റിനോട് സംസാരിക്കവെയായിരുന്നു ലോകഫുട്ബോളിലെ അടുത്ത‌ സൂപ്പർ താരമാകുമെന്ന് വിശേഷിക്കപ്പെടുന്ന ഹാലാൻഡ് ഇങ്ങനെ പറഞ്ഞത്.

മെസി,‌ റൊണാൾഡോ എന്നിവരുമായി ബന്ധപ്പെടുത്തി തന്നെ താരതമ്യം ചെയ്യുന്നത് മാധ്യമങ്ങളുടെ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹാലാൻഡ്, താൻ അത്തരം കാര്യങ്ങളിൽ ശ്രദ്ധ ‌കേന്ദ്രീകരിക്കുന്നില്ലെന്നുംവ്യക്തമാക്കി.

"ഞാനിപ്പോൾ എന്നെക്കുറിച്ചും, എന്റെ കളി ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. ചരിത്രത്തിലെ എക്കാലത്തെയും മികച്ചവരായ ലയണൽ മെസിയെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കുറിച്ച് ഞാൻ സംസാരിക്കേണ്ട കാര്യമില്ല. അവരുടെ അടുത്തെത്താൻ എനിക്ക് ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്."

എർലിംഗ് ഹാലാൻഡ്

ഭാവിയിൽ ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ പോകുന്ന‌ യുവ താരങ്ങളിൽ ഒരാളായി ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന‌ പേരാണ് ഹാലാൻഡിന്റേത്. നിലവിൽ ഡോർട്ട്മുണ്ടിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഹാലാൻഡിനെ സ്വന്തമാക്കാൻ നിരവധി യൂറോപ്യൻ വമ്പൻമാർക്ക് താല്പര്യമുണ്ട്. 2020-21 സീസണിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത് കൊണ്ടിരിക്കുന്ന ഹാലാൻഡ് ഇക്കുറി കളിച്ച 31 മത്സരങ്ങളിൽ‌ 33 ഗോളുകളും, 8 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.‌

facebooktwitterreddit