Football in Malayalam

ബാഴ്സയിലേക്ക് പോയതിന് അത്ലറ്റിക്കോ ആരാധകർ ഗ്രീസ്മാനോട് പൊറുക്കുമെന്ന് തോന്നുന്നില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ്

Gokul Manthara
FC Barcelona v Atletico Madrid - La Liga Santander
FC Barcelona v Atletico Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

2019 ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്സലോണയിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരം അന്റോയി‌ൻ ഗ്രീസ്മാൻ ഈ സമ്മറിൽ തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. ഉയർന്ന വേതന ബില്ലിനെത്തുടർന്ന് ബാഴ്സലോണ ഗ്രീസ്മാനെ ഇക്കുറി വിറ്റേക്കുമെന്നും, സോൾ നിഗ്വസ് ഉൾപ്പെട്ട കൈമാറ്റക്കരാറിലൂടെയോ അല്ലാതെയോ അത്ലറ്റിക്കോ മാഡ്രിഡ് അദ്ദേഹത്തെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ട് വരുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അടുത്ത സീസണിന് മുന്നോടിയായി ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ താല്പര്യപ്പെടുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഈ സ്ഥാനത്തേക്ക് ഗ്രീസ്മാനെ കൊണ്ടു വരുമോയെന്ന ചോദ്യം കഴിഞ്ഞ ദിവസം യൂറോപ്പ പ്രസിന് നൽകിയ അഭിമുഖത്തിനിടെ അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിന്റെ പ്രസിഡന്റായ എൻറിക് സെറെസോക്ക് നേരിടേണ്ടി വന്നു. ഗ്രീസ്മാൻ ഇക്കുറി അത്ലറ്റിക്കോയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തള്ളിക്കളയാതിരുന്ന ക്ലബ്ബ് പ്രസിഡന്റ് പക്ഷേ 2019 ൽ ക്ലബ്ബ് വിട്ടു പോയതിന് ആരാധകർ അദ്ദേഹത്തോട് ക്ഷമിക്കുമെന്ന് താൻ കരുതുന്നില്ലെന്നും കൂട്ടിച്ചേർക്കുകയായിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡിൽ മിന്നും ഫോമിൽ കളിച്ചു കൊണ്ടിരുന്ന ഗ്രീസ്മാൻ ക്ലബ്ബ് വിട്ട് ബാഴ്സലോണയിലേക്ക് പോയത് അത്ലറ്റിക്കോ ആരാധകരെ വളരെയധികം ചൊടിപ്പിച്ചിരുന്നു. വർഷം രണ്ട് കഴിഞ്ഞെങ്കിലും അക്കാര്യത്തിൽ ഇപ്പോളും ആരാധകർക്ക് ഗ്രീസ്മാനോട് ചൊരുക്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ക്ലബ്ബ് പ്രസിഡന്റിന്റെ വാക്കുകൾ.

അതേ സമയം 2014 മുതൽ 2019 വരെ അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ച അന്റോയിൻ ഗ്രീസ്മാൻ ക്ലബ്ബിന്റെ ഏറ്റവും പ്രധാന താരമായി തിളങ്ങി നിൽക്കുമ്പോളായിരുന്നു 2019 ൽ ക്ലബ്ബ് വിട്ടത്. അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച 257 മത്സരങ്ങളിൽ 133 ഗോളുകൾ നേടിയതിനൊപ്പം 50 ഗോളുകൾക്ക് വഴിയൊരുക്കാനും ഗ്രീസ്മാന് കഴിഞ്ഞിരുന്നു. എന്നാൽ വലിയ പ്രതീക്ഷകളോടെ ബാഴ്സയിലെത്തിയെങ്കിലും അവിടെ തന്റെ സ്വതസിദ്ധമായ മികവിലേക്കുയരാൻ താരത്തിന് കഴിഞ്ഞില്ല. രണ്ട് സീസണുകളിൽ കറ്റാലൻ ക്ലബ്ബിനായി കളിച്ച ഗ്രീസ്മന്, അവർക്കായി കളിച്ച 99 മത്സരങ്ങളിൽ 35 ഗോളുകളും 17 അസിസ്റ്റുകളും മാത്രമാണ് നേടാൻ കഴിഞ്ഞത്‌.

facebooktwitterreddit