ലിവർപൂളിനെതിരായ മത്സരശേഷം താൻ ക്ലോപ്പിന് ഷേക്ക് ഹാൻഡ് നൽകില്ല, കാരണവും വ്യക്തമാക്കി സിമിയോണി

By Gokul Manthara
Atletico Madrid v Liverpool FC - UEFA Champions League Round of 16: First Leg
Atletico Madrid v Liverpool FC - UEFA Champions League Round of 16: First Leg / Sonia Canada/GettyImages
facebooktwitterreddit

അടുത്ത ദിവസം ലിവർപൂളിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അവരുടെ പരിശീലകനായ യർഗൻ ക്ലോപ്പുമായി താൻ ഹസ്തദാനം നടത്തില്ലെന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലക‌ൻ ഡിയഗോ സിമിയോണി. മത്സരങ്ങൾക്ക് ശേഷം അഭിവാദ്യം ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്നും അതിനാലാണ് ക്ലോപ്പുമായി ഹസ്തദാനം ചെയ്യാത്തതെന്നും ചൂണ്ടിക്കാട്ടിയ സിമിയോണി, എതിർ ടീം പരിശീലകനെ സ്വകാര്യമായി അഭിവാദ്യം ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു.

"മത്സരങ്ങൾക്ക് ശേഷം അഭിവാദ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. എന്തെന്നാൽ പരിശീലകരുടെ വികാരങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് ഞാൻ മനസിലാക്കുന്നു. ഇംഗ്ലണ്ടിൽ അത് മാന്യമായ ആംഗ്യമായാണ് കാണുന്നത്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല, കാരണം അതിൽ ഉൾപ്പെട്ടേക്കാവുന്ന അസത്യം ഞാൻ ഇഷ്ടപ്പെടുന്നില്ല." സിമിയോണി പറഞ്ഞു.

ലിവർപൂളും, അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ മു‌ൻപ് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷവും ക്ലോപ്പിന് ഷേക്ക് ഹാൻഡ് നൽകാതെ സിമിയോണി മൈതാനം വിട്ടത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു‌. സ്വന്തം തട്ടകത്തിൽ ലിവർപൂളിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ സിമിയോണി ടണലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഇത് വലിയ വിവാദമായെങ്കിലും എല്ലാ മത്സരങ്ങൾക്ക് ശേഷവും അദ്ദേഹം ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത് എന്നതാണ് വാസ്തവം.‌ ഈ രീതിയിൽ മാറ്റം വരുത്താൻ താൻ തയ്യാറല്ലെന്നാണ് ക്ലോപ്പിന് ഷേക്ക് ഹാൻഡ് നൽകില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നതിലൂടെ സിമിയോണി ഇപ്പോൾ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നത്.

അതേ സമയം തങ്ങൾക്കെതിരായ മത്സരശേഷം സിമിയോണി ഷേക്ക് ഹാൻഡ് നൽകില്ലെന്ന് അറിയാവുന്ന ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്, ഇക്കുറി മത്സരത്തിന് മുൻപ് അദ്ദേഹവുമായി ഹസ്തദാനം ചെയ്യാൻ ശ്രമിക്കുമെന്നും പത്രസമ്മേളനത്തിൽ സംസാരിക്കവെ വ്യക്തമാക്കി. ഇതിനൊപ്പം സിമിയോണിയെ വാനോളം പുകഴ്ത്താനും ക്ലോപ്പ് മടികാണിച്ചില്ല.

"അദ്ദേഹം (സിമിയോണി) ചെയ്യുന്ന‌ കാര്യങ്ങളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. വർഷം തോറും ശക്തമായ നിരവധി ടീമുകൾക്കെതിരെ തികച്ചും അസാധാരണമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് (മത്സരശേഷമുള്ള ഷേക്ക് ഹാൻഡ്) എനിക്കറിയാമായിരുന്നുവെങ്കിൽ ഞാൻ അതിന് വേണ്ടി പോകില്ലായിരുന്നു‌ നാളെ മത്സരത്തിന് മുൻപ് ഞങ്ങൾ ഹസ്തദാനം ചെയ്യുമെന്ന് ഞാൻ കരുതുന്നു." ക്ലോപ്പ് പറഞ്ഞു.

facebooktwitterreddit