Football in Malayalam

ക്രിസ്റ്റ്യാനോ യുവന്റസിൽ എങ്ങനെയെന്ന് അറിയില്ല, എന്നാൽ എന്നോട് അദ്ദേഹം നന്നായി പെരുമാറിയിരുന്നു ; ബെൻസേമ‌ പറയുന്നു

Gokul Manthara
Real Madrid v Malaga - La Liga
Real Madrid v Malaga - La Liga / Denis Doyle/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്നത്. യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയാണ് റോണോ വരും സമ്മറിൽ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായത്. യുവന്റസ് വിടുകയാണെങ്കിൽ തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് റോണോ തിരിച്ചു പോയേക്കുമെന്നതാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങളിൽ ഏറ്റവും ശ്രദ്ധേയം.

അടുത്ത ദിവസം അറ്റ്ലാന്റയ്ക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമയ്ക്കും, റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യം നേരിടേണ്ടി വന്നു. ക്രിസ്റ്റ്യാനോ ക്ലബ്ബിലേക്ക് മടങ്ങി വരുമോ എന്ന കാര്യം തനിക്കറിയില്ലെന്ന് പറഞ്ഞ ബെൻസേമ, താൻ റയലിന്റെ പരിശീലകനോ പ്രസിഡന്റോ അല്ല എന്നും ചൂണ്ടിക്കാട്ടി. എന്നാൽ ക്രിസ്റ്റ്യാനോയുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്ന് ഇതിനൊപ്പം ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

""ക്രിസ്റ്റ്യാനോയ്ക്കൊപ്പം, ഞങ്ങൾ ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്തു. അദ്ദേഹം യുവന്റസിൽ എങ്ങനെയാണെന്ന് എനിക്കറിയില്ല, എന്നാൽ എന്നോട് എപ്പോളും വളരെ മികച്ച രീതിയിലാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ മാഡ്രിഡിലേക്ക് മടങ്ങി വരുമോ എന്ന കാര്യം എനിക്കറിയില്ല, ഞാൻ ക്ലബ്ബിന്റെ പരിശീലകനോ പ്രസിഡന്റോ അല്ല." "

കരീം ബെൻസേമ

അതേ സമയം ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ യുവന്റസ് വീണതോടെ വിമർശകർ ഒന്നടങ്കം റോണോയ്ക്കെതിരെ തിരിഞ്ഞിരുന്നു. യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ ഇക്കുറിയും കിരീട നേട്ടത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ട റോണോയെ ക്ലബ്ബ് ടീമിൽ നിന്ന് ഒഴിവാക്കാൻ പോവുകയാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളും താരത്തിന്റെ വീഴ്ച ആഘോഷമാക്കി. എന്നാൽ കാഗ്ലിയാരിക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തിൽ ഉജ്ജ്വല ഹാട്രിക്ക് നേടിയ റോണോ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ബൂട്ടിലൂടെ തകർപ്പൻ മറുപടി നൽകിയിരുന്നു.

facebooktwitterreddit